ആറ് നാലായി, കാര്‍ഷികസംസ്‌കൃതിയുടെ കാവല്‍ക്കാര്‍ ഇനിയെത്ര നാള്‍

Posted on: 25 Aug 2015ചെറുവത്തൂര്‍: കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായ കാവല്‍ക്കാരും തിരിശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നു. നെല്‍വയലുകള്‍ കോണ്‍ക്രീറ്റുകെട്ടിടങ്ങള്‍ക്കും, തെങ്ങിന്‍തോപ്പുകള്‍ക്കും വഴിമാറുകയും ബാക്കിയുള്ളത് തരിശിടുകയും ചെയ്യുമ്പോള്‍ വയലുകാക്കാന്‍ കാവല്‍ക്കാരും ഇല്ലാതാവുന്നു. വട്ടംകെട്ടിയ കയറും പാളത്തൊപ്പിയും ആണിക്കെട്ട് മറയാത്ത തോര്‍ത്തുമുണ്ടും; പ്രാകൃതമെന്ന് തോന്നിക്കാവുന്ന വേഷംധരിക്കാന്‍ പുതിയകാലത്ത് ആളുകള്‍ ഒരുക്കമല്ലാത്തതും കാരണമാവാം.
ആറുകാവല്‍ക്കാരും ഒരു കലേക്കാരനുമാണ് പിലിക്കോട് വീതുകുന്ന് കേന്ദ്രീകരിച്ച് പഴയകാലത്തുണ്ടായിരുന്നത്. കലേക്കാരന്‍ ഇല്ലാതായിട്ട് കാലം കുറച്ചായി. കാവല്‍ക്കാര്‍ ആറില്‍നിന്ന് നാലായി ചുരുങ്ങി. കാവല്‍ക്കാര്‍ വയലിലിറങ്ങാതായിട്ട് അഞ്ചുവര്‍ഷത്തോളമായി. ക്ഷേത്രത്തിലെ അടിയന്തിരകര്‍മനിര്‍വഹണം മാത്രമായി ഇവരുടെ ചുമതല. വീതുകുന്നില്‍ അടിയന്തിരംനടത്താനാണ് പേരിനെങ്കിലും ഇന്ന് കാവല്‍ക്കാരാകുന്നത്.
മേടം ഒന്നിന് രയരമംഗലം ഭാഗവതിക്ഷേത്രത്തില്‍നിന്ന് പൂജിച്ച് കൈമാറുന്ന കയര്‍ ഏറ്റുവാങ്ങുന്നതോടെയാണ് കാവല്‍ക്കാരായി ചുമതലയേല്ക്കാറ്. തലയില്‍ പാളത്തൊപ്പിയും തോളില്‍ വട്ടംകെട്ടിയ കയറുമാണ് ഇവരുടെ വേഷം. ആറുമാസം ഇത് തുടരും. കര്‍ക്കിടകം മുതല്‍ കന്നിമാസംവരെ ചെറുകോലുണ്ടാകും. പിന്നീട് കയറിനുപകരം വെള്ളികെട്ടിയ കറുത്തവടിയാണ്‌ ൈകയിലുണ്ടാവുക. വൃശ്ചികം പിറന്നാല്‍ വടിയുംപാളയും സമര്‍പ്പിച്ച് തോര്‍ത്തുമുണ്ട് ചുമലിലിട്ടാണ് യാത്ര.
അലഞ്ഞുതിരിയുന്ന ആടുമാടുകളെ തളച്ച് അട്ടിയിലെത്തിക്കാനാണ് പഴയകാലത്ത് വട്ടംകെട്ടിയ കയര്‍ ഉപയോഗിച്ചുവന്നത്. വരമ്പിലേക്ക് ഒടിഞ്ഞുവീഴുന്ന നെല്‍ച്ചെടികള്‍ വകഞ്ഞുമാറ്റാനാണ് കര്‍ക്കടകം, ചിങ്ങം മാസങ്ങളില്‍ ചെറുകോല്‍ ഉപയോഗിച്ചുവന്നത്. വാളുമ്പോള്‍ പാളത്തൊപ്പിയിലാണ് കാവല്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് വീത്ത് സ്വീകരിക്കാറ്. തുലാംമാസത്തില്‍ ക്ഷേത്രപരിസരത്തെ വീടുകളില്‍ കാവല്‍ക്കര്‍ക്ക് കഞ്ഞികൊടുക്കുന്ന പതിവുണ്ടായിരുന്നു. ചിലവീടുകളില്‍ ഇന്നും ഇത് തുടരുന്നു.
പിലിക്കോട് രയരമംഗലം ദേവസങ്കേതത്തിലെ മടിവയല്‍, പരപ്പ, കാനം-കരക്കേരു, നഞ്ചല്‍, ചെറുനിലം, അറുവപ്പാട് എന്നീ ആറുവയലുകളുടെ കാവല്‍ക്കാരാണ് ആറുപേര്‍. 'വാളുമ്പം വിത്തും കൊയ്യുമ്പം കറ്റയും' വയലിലെത്തുന്ന കാവല്‍ക്കാരുടെ അവകാശമായിരുന്നു. പഴയകാലത്ത് കാവല്‍ക്കാരാകുന്നതിനും ഇഷ്ടപ്പെട്ട വയല്‍ കിട്ടുന്നതിനും നാട്ടിലെ പ്രമാണിമാരുടെ ശുപാര്‍ശയുണ്ടാകും. ഇന്ന് അങ്ങോട്ട് വേതനംകൊടുത്താല്‍ പോലും കാവലെടുക്കാന്‍ ആളെക്കിട്ടാതായി.
വറക്കോടന്‍ തറവാട്ടിലെ അംഗം സ്ഥിരാവകാശിയായ കാവല്‍ക്കാരനാണ്. ഇദ്ദേഹമാണ് കാവല്‍ക്കാരില്‍ പ്രധാനി. ബാക്കിവരുന്ന അഞ്ചുപേരില്‍ രണ്ടുപേര്‍ മണിയാണിമാരും മൂന്നുപേര്‍ തീയ്യവിഭാഗക്കാരുമാണ്. ഇപ്പോഴിത് രണ്ടുപേര്‍ വീതമായി. മലബാര്‍ ദേവസ്വംബോര്‍ഡിനു കീഴിലാണ് രയരമംഗലം ക്ഷേത്രവും വീതുകുന്ന് ഉപക്ഷേത്രവും. കാവല്‍ക്കാരില്‍ പ്രധാനിയായ വറക്കോടനെ ജീവനക്കാരനായി നേരത്തേ അംഗീകരിച്ചു. ബാക്കിവരുന്ന അഞ്ചുപര്‍ക്ക് മതിയായ വേതനംനല്കി താത്കാലിക നിയമനംനടത്താന്‍ അധികൃതര്‍ തയ്യാറായാല്‍ പിലിക്കോടിന്റെ കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായ 'കാവല്‍' നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷ നാട്ടുകാരിലുണ്ട്.

More Citizen News - Kasargod