രണ്ടാഴ്ചക്കിടയില്‍ മൂന്നുമരണം; ഇവിടെ അപകടം തുടര്‍ക്കഥ

Posted on: 24 Aug 2015കാഞ്ഞങ്ങാട്: രണ്ടാഴ്ചക്കിടയില്‍ നെല്ലിത്തറയ്ക്കും മാവുങ്കാലിനുമിടയിലെ സംസ്ഥാന ഹൈവേയില്‍ വാഹനാപകടത്തില്‍ മരിച്ചത് മൂന്നുപേര്‍. ഞായറാഴ്ച വൈകുന്നേരം മില്‍മ പ്ലാന്റിനടുത്ത് മാരുതി കാറിന്റെ മുകളിലേക്ക് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടുപേര്‍ മരിക്കുകുയം 25-ലധികം യാത്രക്കാര്‍ക്ക് പരിക്കല്ക്കുകയും ചെയ്തതാണ് ഒടുവിലത്തേത്.

രണ്ടാഴ്ചമുമ്പ് ഇതേസ്ഥലത്തുവെച്ച് മാവുങ്കാലിലെ ചുമട്ടുതൊഴിലാളി രാജേഷ് ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ചിരുന്നു. രാവിലെ ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു രാജേഷ് അപകടത്തില്‍പ്പെട്ടത്. ഈ ഭാഗത്ത് ചെറുതുംവലുതുമായ അപകടങ്ങള്‍ നിത്യവും ഉണ്ടാകുന്നുണ്ട്. റോഡിലെ വളവ് അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കാല്‍നടയാത്രക്കാര്‍ പ്രാണഭയത്തോടെയാണ് ഇതിലൂടെ സഞ്ചരിക്കുന്നത്.

മാവുങ്കാല്‍ ഭിന്നശേഷിയുള്ള സ്‌കൂളിലേക്കുള്ള കുട്ടികളും രാംനഗര്‍ സ്‌കൂളിലെ കുട്ടികളും ഇതിലെയാണ് പോകുന്നത്. കുത്തനെയുള്ള ഇറക്കവും റോഡിലെ വളവും അമിതവേഗവും അപകടം വര്‍ധിക്കുന്നതിന്റെ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

More Citizen News - Kasargod