കൊടക്കാട്-പാടിക്കീല്‍ പാടശേഖരവും ചരിത്രത്തിലാദ്യമായി തരിശിട്ടു

Posted on: 24 Aug 2015ചെറുവത്തൂര്‍: കൃഷിഭൂമി കൃഷിക്കാരന്, വിത്തിട്ടവന്‍ വിളകൊയ്യും എന്ന് പ്രഖ്യാപിച്ച കര്‍ഷക-കര്‍ഷകത്തൊഴിലാളികളുടെ നാടായ കൊടക്കാട്ട് ചരിത്രത്തിലാദ്യമായി നൂറ് ഹെക്ടറോളംവരുന്ന പാടശേഖരം തരിശിട്ടു. കൊടക്കാട് ഗ്രാമത്തെ കൊടക്കാട് കിഴക്കേക്കരയായും പടിഞ്ഞാറേക്കരയായും രണ്ടായി പകുത്ത് പാടിക്കീല്‍ അയ്യങ്ങാക്കുളം മുതല്‍ പലിയേരിവരെ നീണ്ടുകിടക്കുന്ന വിസ്തൃത പാടശേഖരമാണിത്.
മൂന്നുവിള കൃഷിചെയ്യാറുള്ള പാടം തരിശിടേണ്ടിവന്ന സാഹചര്യത്തെകുറിച്ച് കര്‍ഷകര്‍ക്ക് നിരത്താന്‍ കാരണങ്ങള്‍ ഒരുപാടുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലെന്നതാണ് പ്രധാനം. ഉള്ളവര്‍ക്കാണെങ്കില്‍ അവരാവശ്യപ്പെടുന്ന വേതനം കൊടുക്കണം. രാവിലെ മുതല്‍ വൈകിട്ട്വരെ തൊഴിലെടുത്തവരാണ് പഴയകാലത്തെ തൊഴിലാളികള്‍. ഇന്നത് ഉച്ചപ്പണിയായി. കൂലി പുരുഷന്മാര്‍ക്ക് 450രൂപ മുതല്‍ 500വരെ. സ്ത്രീത്തൊഴിലാളിക്ക് 260 മുതല്‍ 310 വരെയും. കാര്‍ഷികമേഖലയില്‍ പണിയെടുത്തവരില്‍ ഭൂരിഭാഗവും നിര്‍മാണ തൊഴില്‍മേഖലയിലേയ്ക്ക് വഴിമാറി. ഒരുരൂപയ്ക്കും രണ്ടുരൂപയ്ക്കും അരികിട്ടുമ്പോള്‍ പിന്നെന്തിന് ചെളിയില്‍ ചവിട്ടണമെന്ന ചിന്തയും ചിലരില്‍ കടന്നുകൂടി. നഷ്ടംസഹിച്ചും കൃഷിചെയ്യാന്‍ ഒരുക്കമാണ് പാടിക്കീല്‍, കൊടക്കാട് പ്രദേശങ്ങളിലെ പല കര്‍ഷകരും. തൊഴിലാളികളെ കിട്ടാത്തതിനാല്‍ സമയത്തിന് പണിനടക്കുന്നില്ല. സമയംതെറ്റി കൃഷിയിറക്കിയിട്ട് കാര്യമില്ലല്ലോയെന്നാണ് കര്‍ഷകരുടെ ചോദ്യം. ഒരേക്കര്‍ കൃഷിയിറക്കിയിട്ട് കഴിഞ്ഞവര്‍ഷം 7,200 രൂപ നഷ്ടംവന്ന കണക്കാണ് കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി പാടിക്കീലിലെ പി.വി.ചന്ദ്രന് പറയാനുള്ളത്. ഞാറിനുവേണ്ടി ഇത്തവണ വിത്തിട്ടതാണ്. സമയത്തിന് മഴകിട്ടിയില്ല. ഞാറ് മൂപ്പെത്തിയതിനാല്‍ കൃഷി വേണ്ടെന്നുവെച്ചു -ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പശുവിന് പുല്ലുകൊടുക്കാനായി അങ്ങിങ്ങായി മുണ്ടോന്‍ കൃഷിയിറക്കിയിട്ടുണ്ട്. ഒരുതവണ മാത്രമല്ലേ കൂലികൊടുക്കേണ്ടതുള്ളുവെന്ന ചിന്തയും ഇതിനുപിന്നിലുണ്ട്.
ഒരേക്കര്‍ കൃഷിചെയ്യാന്‍ 35,000 രൂപയെങ്കിലും ചെലവിടേണ്ടിവരും. ഇത് തിരിച്ചുകിട്ടാനുള്ള സാഹചര്യം ഇന്ന് നിലവിലില്ല. കൊയ്‌തെടുത്ത നെല്ല് വില്പനനടത്താന്‍ കര്‍ഷകര്‍ നെട്ടോട്ടമോടണം. ചാക്കില്‍ നിറച്ചുവെക്കാന്‍ സ്ഥമില്ലാത്തതിനാല്‍ പലരും കിട്ടിയവിലയ്ക്ക് വിറ്റൊഴിവാക്കി. ഒരുകിലോ നെല്ലിന് 15 മുതല്‍ 17 രൂപവരെയാണ് കര്‍ഷകര്‍ക്ക് കഴിഞ്ഞതവണ കിട്ടിയത്. കാര്‍ഷിക മേഖലയില്‍ ഏറ്റവും അവഗണന നേരിടേണ്ടിവരുന്നതും നെല്‍കൃഷിക്കാണ്. ഒരേക്കര്‍ കൃഷിചെയ്യുന്ന കര്‍ഷകന് കൃഷിവകുപ്പ് മുഖാന്തരം കിട്ടുന്ന സഹായധനം 140 രൂപ മാത്രം. കര്‍ഷക-കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി പറയുന്നവര്‍ കാര്‍ഷികമേഖലയിലെ പ്രയാസം കാണാതെപോകുന്നുവെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
ഒരുവര്‍ഷത്തില്‍ 30-35 ദിവസം മാത്രമാണ് കാര്‍ഷികമേഖലയില്‍ തൊഴിലെടുക്കേണ്ടിവരിക. തൊഴിലാളിക്ക് നല്ല കൂലികിട്ടാനും ഉത്പാദിപ്പിച്ചെടുക്കുന്ന നെല്ലിന് നല്ലവിലകിട്ടാനും സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ നടപടിസ്വീകരിക്കുകയും കാര്‍ഷികമേഖലയെ തകരാതെ നിലനിര്‍ത്താനുള്ള ചിന്ത പൊതുസമൂഹത്തിനും ഉണ്ടായാല്‍ മാത്രമെ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
1936-ല്‍ കാസര്‍കോട് താലൂക്ക് രണ്ടാം വാര്‍ഷികസമ്മേളനം നടന്ന മണ്ണ് കൂടിയായണ് കൊടക്കാട്. കാമേശ്വരറാവു, എന്‍.ജി.രങ്ക, പി.കൃഷ്ണപിള്ള, കേരളീയന്‍, എ.കെ.ജി., കെ.പി.ആര്‍., എ.വി.കുഞ്ഞമ്പു തുടങ്ങിയ നേതാക്കന്മാരെല്ലാം അന്ന് കൊടക്കാട്ടെ കര്‍ഷക സമ്മേളനത്തിലെത്തി. ടി.എസ്.തിരുമുമ്പ്, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ.ചന്തന്‍ തുടങ്ങിയ കമ്യൂണിസ്റ്റ്-കര്‍ഷകസംഘ നേതാക്കളുടെ നേതൃത്വത്തില്‍ നാടുവാഴിത്ത ഭൂപ്രഭുക്കന്മാര്‍ക്കെതിരായ നെല്ലെടുപ്പുസമരം പോലുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശക്തിപകര്‍ന്ന മണ്ണാണ് പുല്ലും കളയും പടര്‍ന്ന് നശിക്കുന്നത്.

More Citizen News - Kasargod