ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഡി.വൈ.എഫ്.ഐ. ഉപരോധം ഇന്ന്

Posted on: 24 Aug 2015കാസര്‍കോട്: ദേശീയപാതയുടെ ശോച്യാവാസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കും. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മുതല്‍ 5.10 വരെയാണ് എട്ട് കേന്ദ്രങ്ങളില്‍ ഉപരോധം. ഹൊസങ്കടി, കാസര്‍കോട്, പെരിയാട്ടടുക്കം, ചെമ്മട്ടംവയല്‍, നീലേശ്വരം-മാര്‍ക്കറ്റ് ജങ്ഷന്‍, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലാണ് ഉപരോധം.
തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള മിക്ക സ്ഥലങ്ങളിലും ദേശീയപാത പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി. ഇതിന്റെ ഭാഗമായി മണിക്കൂറുകളോളം ഗതാഗതതടസ്സമുണ്ടാകുന്നു. രോഗികളെയുംകൊണ്ട് പോകുന്ന ആംബുലന്‍സുകള്‍ക്കുപോലും യഥാസമയം ആസ്​പത്രിയില്‍ എത്താനാവുന്നില്ല. എന്നിട്ടും അധികാരികള്‍ ഉറക്കം നടിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.
ഗ്യാരണ്ടി സമയത്തിനുള്ളില്‍ റോഡ് തകരുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അവിഹിത ഇടപെടലുകളും അഴിമതിയും ഇതിനുപിന്നിലുണ്ട്. ഇത് പുറത്തുകൊണ്ടുവരണം. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

More Citizen News - Kasargod