ഡോക്ടര്‍മാരില്ല; ജില്ലാ ആസ്​പത്രിയില്‍ സായാഹ്ന ഒ.പി. നിര്‍ത്തി

Posted on: 24 Aug 2015കാഷ്വാലിറ്റിയും പ്രതിസന്ധിയില്‍


കാഞ്ഞങ്ങാട്:
ഡോക്ടര്‍മാരില്ലാത്തതിനാല്‍ ജില്ലാ ആസ്​പത്രിയിലെ സായാഹ്ന ഒ.പി. നിര്‍ത്തി. ക്വാഷാലിറ്റിയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. നിലവില്‍ 13 ഡോക്ടര്‍മാരുടെ ഒഴിവാണ് ഇവിടെയുള്ളത്. നിരവധിതവണ ആവശ്യപ്പെട്ടിട്ടും സര്‍ക്കാരില്‍നിന്ന് കാസര്‍കോട്ടേക്ക് ഡോക്ടര്‍മാരെ കിട്ടാത്ത അവസ്ഥയാണ്. രാവിലെയുള്ളതിന് സമാനമായ തിരക്കാണ് വൈകുന്നേരങ്ങളിലും അസ്​പത്രിയിലുള്ളത്. ഇതോടെ വൈകുന്നേരങ്ങളില്‍ ആസ്​പത്രിയിലെത്തുന്ന രോഗികള്‍ ഡോക്ടര്‍മാരെ കാണാതെ മടങ്ങേണ്ട അവസ്ഥയിലാണ്.

ഡോക്ടര്‍മാരുടെ കുറവ് ആസ്​പത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ പറഞ്ഞു. നിലവിലുള്ള ഡോക്ടര്‍ പരമാവധി സഹകരിക്കുന്നതിനാലാണ് കാര്യങ്ങള്‍ നടന്നുപോകുന്നത്. ഡോക്ടര്‍മാരുടെ ഒഴിവുവിവരം യഥാസമയം റിപ്പോര്‍ട്ടുചെയ്‌തെങ്കിലും നടപടി ഉണ്ടായിട്ടില്ല. പനിരോഗികള്‍ കൂടിയ അവസ്ഥയിലാണ് ഒരുമാസംമുമ്പ് സായാഹ്ന ഒ.പി. തുടങ്ങിയത്. ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിച്ചിരുന്ന സായാഹ്ന ഒ.പി. ദൂരദിക്കുകളില്‍നിന്നുവരുന്ന രോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു.

പ്രശ്‌നപരിഹാരത്തിന് ആറ് ഡോക്ടര്‍മാരെ കാരാര്‍ വ്യവസ്ഥയില്‍ നിയമിച്ചിട്ടുണ്ട്. രണ്ട് ശിശുരോഗ വിദഗ്ധര്‍, രണ്ട് അസി. സര്‍ജന്‍, ഒഫ്താല്‍മോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നീ ഒഴിവുകളുണ്ട്. അടുത്തിടെ ആരോഗ്യമന്ത്രി ഉദ്ഘാടനം െചയ്ത സി.ടി. സ്‌കാന്‍ ഇനിയും പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടില്ല. ടെക്‌നീഷ്യന്റെ നിയമനത്തിനുള്ള അഭിമുഖം ഈയാഴ്ച നടക്കും. ഇതില്‍ നിയമനംനടക്കുന്നതോടെ സി.ടി. സ്‌കാന്‍ സേവനം ലഭ്യമാകും.

More Citizen News - Kasargod