ലോട്ടറി സേവനനികുതി സര്‍ക്കാര്‍ ഏറ്റെടുത്തേക്കും

Posted on: 24 Aug 2015


ടി.ജെ.ശ്രീജിത്ത്‌കാസര്‍കോട്: ഭാഗ്യക്കുറിമേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്ന സേവനനികുതി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തേക്കും. ഇതുസംബന്ധിച്ച ശുപാര്‍ശ ഉടന്‍ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വരും.
സേവനനികുതി ഏറ്റെടുത്താല്‍ 77 കോടി രൂപ പ്രതിവര്‍ഷം അധികമായി കണ്ടെത്തേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി ലോട്ടറിവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കേന്ദ്രബജറ്റിലാണ് ലോട്ടറിക്ക് 14 ശതമാനം സേവനനികുതി ഏര്‍പ്പെടുത്തിയത്. സേവനനികുതി പ്രാബല്യത്തില്‍വന്നതോടെ വന്‍കിട-ചെറുകിട ഏജന്റുമാര്‍ തമ്മിലുള്ള പ്രശ്‌നമായി അത് മാറി. ആരാണ് സേവനനികുതി അടയ്‌ക്കേണ്ടതെന്നതും തര്‍ക്കവിഷയമായി. ഈ വിഷയമുന്നയിച്ച് ലോട്ടറി വില്പനക്കാരും ഏജന്റുമാരും സമരത്തിനിറങ്ങുകയും ചെയ്തു. ലോട്ടറിവില്പനയെ ഇത് പ്രതികൂലമായി ബാധിച്ചു.
വന്‍കിട ഏജന്റുമാരില്‍നിന്ന് ലോട്ടറി വാങ്ങുന്ന ചെറുകിടക്കാര്‍ ഒരു ടിക്കറ്റിന് 1.17 രൂപ മുതല്‍ 2.10 രൂപ വരെ സേവനനികുതി എന്ന പേരില്‍ നല്‌കേണ്ടിവരുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ധനകാര്യവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് ലോട്ടറിവകുപ്പ് റിപ്പോര്‍ട്ട് നല്കിയത്.
നിലവില്‍ 30 രൂപ വിലയുള്ള 59.5 ലക്ഷം ടിക്കറ്റുകളാണ് ഒരു നറുക്കെടുപ്പിനായി അച്ചടിക്കുന്നത്. 40 രൂപയുടേത് 33.75 ലക്ഷവും 50 രൂപയുടേത് 30 ലക്ഷവും. ഈ കണക്കിനെ അടിസ്ഥാനമാക്കി സേവനനികുതി സര്‍ക്കാര്‍ സെന്‍ട്രല്‍ എക്‌സൈസിലേക്ക് നേരിട്ടടക്കുന്ന രീതിയാണ് ലോട്ടറിവകുപ്പിന്റെ ശുപാര്‍ശയിലുള്ളത്. 30 രൂപയുടെ 56 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നത് അടിസ്ഥാനമാക്കിയാണ് വകുപ്പ് ശുപാര്‍ശ തയ്യാറാക്കിയത്. ഇതിനുശേഷം അച്ചടി കൂട്ടിയിരുന്നു. അതിനാല്‍ 77 കോടി രൂപ എന്നത് 80 കോടി കടന്നേക്കും. അച്ചടിക്കുന്ന ടിക്കറ്റിന്റെ നികുതി അതത് മാസം സര്‍ക്കാര്‍ അടയ്ക്കുന്ന രീതിയിലാണ് ശുപാര്‍ശ.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ അധിക ബാധ്യതയായി പ്രതിവര്‍ഷം 80 കോടിയോളം രൂപ ഖജനാവില്‍നിന്ന് അടയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല. ടിക്കറ്റുവില വര്‍ധിപ്പിക്കല്‍ ഇക്കാര്യത്തില്‍ പ്രായോഗികമല്ല. അതിനാല്‍ സേവനനികുതി കഴിച്ചുള്ള കമ്മീഷന്‍ ഏജന്റുമാര്‍ക്ക് നല്കലാണ് സര്‍ക്കാരിനുമുന്നിലുള്ള ഒരു മാര്‍ഗം. നികുതി ഒരുമിച്ചടച്ചാല്‍ 14 ശതമാനമെന്നതില്‍ കുറവുവരുത്താന്‍ സെന്‍ട്രല്‍ എക്‌സൈസും തയ്യാറായേക്കും. ഏജന്റുമാര്‍ നേരിട്ട് നികുതിയടക്കുമ്പോള്‍ നല്‌കേണ്ടതിനേക്കാള്‍ കുറഞ്ഞ തുകയേ ഇത്തരത്തില്‍ നല്‌കേണ്ടിവരൂ. ഇത് ഏജന്റുമാര്‍ക്കും ഗുണകരമാണ്.
എന്നാല്‍, ലോട്ടറിസമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഏജന്‍സി കമ്മീഷന്‍ വര്‍ധിപ്പിക്കണമെന്നും സേവനനികുതി സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കണമെന്നുമാണ് തൊഴിലാളിസംഘടനകള്‍ ആവശ്യപ്പെട്ടത്. അതിനാല്‍ ഏജന്‍സി കമ്മീഷന്‍ വര്‍ധിപ്പിക്കണമോ എന്നതും സര്‍ക്കാര്‍ പരിശോധിച്ചേക്കും. സേവനനികുതിപ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ലോട്ടറിമേഖല സ്തംഭനത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

More Citizen News - Kasargod