ഈ ഓണാഘോഷത്തിന് നന്മയുടെ നിറവ്

Posted on: 24 Aug 2015ചെറുവത്തൂര്‍: പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി സ്‌നേഹത്തണലില്‍ ഒരോണാഘോഷം. ചെറുവത്തൂര്‍ ബി.ആര്‍.സി.യില്‍ ഒരുക്കിയ ചടങ്ങ് നന്മ നിറഞ്ഞമനസ്സുകളുടെ ഒത്തുചേരലിനും വേദിയായി.
സുഖ-ദുഃഖങ്ങളെല്ലാം വീടിനുള്ളിലെ നാലുചുവരുകളില്‍ ഒതുക്കിയിരുന്ന കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും ആഹ്ലാദത്തിന്റെ പുത്തനുണര്‍വ് സമ്മാനിച്ചാണ് ഓണാഘോഷം സമാപിച്ചത്.
ഉപജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് എഴുപത് കുട്ടികള്‍ ഓണഘോഷത്തിനെത്തി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്‌നേഹപ്പൂക്കളം ഒരുക്കിയാണ് ആഘോഷത്തിന് തുടക്കംകുറിച്ചത്. തുടര്‍ന്ന് ക്ഷേമാന്വേഷണവുമായി മാവേലിയുമെത്തി. കലാകായിക മത്സരങ്ങളില്‍ തങ്ങളാലാകുംവിധം കുട്ടികള്‍ പങ്കാളികളായി.
ചെറുവത്തൂര്‍ റോട്ടറി ക്ലബ് പ്രവര്‍ത്തകര്‍ ഓണസദ്യയൊരുക്കി. കരപ്പാത്ത് സെന്‍ട്രല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, മാണിയാട്ട് വിജ്ഞാനദായിനി വായനശാല, വിഗേഷ് സ്മാരക കലാകായികസമിതി ചന്തേര, യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചന്തേര, യുണൈറ്റഡ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചന്തേര, ജോളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ചെഗുവേര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് , ഇ.എം.എസ്. സാംസ്‌കാരികവേദി ചന്തേര എന്നിവയുടെ പ്രവര്‍ത്തകരും കുട്ടികള്‍ക്കൊപ്പം കൂടാനെത്തി.
ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി.വി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. എം.മഹേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. സമാപനസമ്മേളനത്തില്‍ ബി.ഇബ്രാഹിം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സുമേഷ് വാര്യരെ യദീഷ്‌കുമാര്‍ റായി അനുമോദിച്ചു.

More Citizen News - Kasargod