നീലേശ്വരം നഗരസഭ 25 മരാമത്ത് പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കി

Posted on: 23 Aug 2015നീലേശ്വരം: അധികാരമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ 25 റോഡുകളുടെ മരാമത്ത് പ്രവൃത്തികള്‍ക്ക് നീലേശ്വരം നഗരസഭ ഭരണസമതി യോഗം അംഗീകാരം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം ഇറങ്ങാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് തിടുക്കത്തില്‍ ഇത്രയധികം പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കിയത്.
തിരഞ്ഞെടുപ്പിനുമുമ്പ് ഈ ജോലികളൊന്നും പൂര്‍ത്തിയാകില്ലെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങളൊന്നും സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതി ചെവിക്കൊണ്ടില്ല. മാത്രമല്ല, നഗരസഭയില്‍ ഇരുപതോളം കരാറുകാര്‍ ഉണ്ടെങ്കിലും മൂന്ന് കരാറുകാര്‍ക്കാണ് ഈ ജോലികള്‍ മുഴുവനും അനുവദിച്ചിരിക്കുന്നത്. ഒരേ കരാറുകാരനുതന്നെ ഒന്നില്‍ക്കൂടുതല്‍ ജോലികള്‍ നല്കിയതിനാല്‍ ജോലി നീണ്ടുപോകാനിടയുണ്ടെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണപക്ഷം മുഖവിലയ്‌ക്കെടുത്തില്ല.
ആനച്ചാല്‍ എ.കെ.ജി.റോഡ് റീടാറിങ്, അങ്കക്കളരി റോഡ്, എ.പി.റോഡ്, ചാലിവളപ്പില്‍ കൊയിച്ചേരി റെയില്‍വെ ലൈന്‍, ചാത്തമത്ത് മഞ്ഞംപറമ്പത്ത് തച്ചരാറ്റിയില്‍ റോഡ്, ചാത്തമത്ത് ശ്മശാനം റോഡ്, ചാത്തമത്ത് വായനശാല ചിറമ്മല്‍ റോഡ്, ചിറ്റ എന്‍.എസ്.എസ്. കിഴക്കന്‍ കൊഴുവല്‍ കരിഞ്ചാത്തംവയല്‍ റോഡ്, കരുവാച്ചേരി എന്‍.എച്ച്.റോഡ്, പള്ളിക്കര ക്ഷേത്രം റോഡ്, കുഞ്ഞാലില്‍കീഴില്‍ നാരാംകുളങ്ങര റോഡ്, കുഞ്ഞിപുളിക്കാല്‍ കിഴക്കെക്കര റോഡ്, ലക്ഷ്മീനാരായണ ക്ഷേത്രം റോ!ഡ്, മൂന്നാം കുറ്റി, തെക്കെക്കുന്ന് റോ!ഡ്, കിഴക്കന്‍ കൊഴുവന്‍ എന്‍.എസ്.എസ്. മന്നംപുറത്ത് കാവ് റെയില്‍വെ ലൈന്‍ റോഡ്, പാലക്കാട്ട് ആല്‍ ചീര്‍മ്മക്കാവ് റോഡ്, പാലക്കാട് ഈയ്യത്തുംകുണ്ട് റോഡ്, പള്ളിക്കര എന്‍.എച്ച്.കനത്താട്ട് കിളലൈന്‍ കോണ്‍ക്രീറ്റ്, പള്ളിക്കര എന്‍.എച്ച്.പെട്രോള്‍ പമ്പ്- കറുത്ത ഗേറ്റ് റോഡ്, പേരോല്‍ മഹേശ്വരി ക്ഷേത്രം റോഡ്, തോട്ടംകിള റോഡ്, നീലായി വായനശാല റോഡ്, ഓര്‍ച്ച ആനച്ചാല്‍ ഫൂട്ട്പാത്ത്, പാലായിപൂവത്തും കുണ്ട്, കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ റോഡ്, ജീവന്‍വിദ്യാ സ്‌കൂള്‍ കണിയാച്ചേരി റോ!ഡ് എന്നീ റീടാറിങ് ജോലിക്കാണ് ഒറ്റയടിക്ക് അംഗീകാരം നല്‍കിയത്. അഞ്ചുലക്ഷം രൂപക്ക് മുകളിലാണെങ്കില്‍ ഈ ടെന്‍ഡര്‍ ആവശ്യമാണ്. എന്നാല്‍ അഞ്ചിന് കുറവിലാതിനാലാണ് ഇത്തരം ടെണ്ടര്‍ നല്‍കിയത്.
നഗരസഭയില്‍ തെരുവ് പട്ടികളുടെ കടിയേറ്റവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള അംഗീകാരവും ഭരണസമിതി നല്‍കി. കാലാവധി അവസാനിക്കാറായ ഘട്ടത്തില്‍ പ്രതിപക്ഷത്തുനിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. നഗരസഭാ അധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു.

More Citizen News - Kasargod