സപ്‌ളൈകോ പീപ്പിള്‍സ് ബസാറായി; വില്പനയില്‍ ഇടിവ്‌

Posted on: 23 Aug 2015നീലേശ്വരം: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നീലേശ്വരത്തെ സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ വില്പനയില്‍ വന്‍ ഇടിവ്. തെരുവിലുള്ള കെട്ടിടത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം മെയ് 29മുതലാണ് രാജാറോഡില്‍ പോസ്റ്റ്ഓഫീസ് പരിസരത്തെ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇടുങ്ങിയ റോഡില്‍ റെയില്‍വേമേല്പാലത്തിന് സമീപമുള്ള കെട്ടിടത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും ആളുകള്‍ക്ക് ക്യൂ നില്‍ക്കുന്നതിനും സൗകര്യമില്ല.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്പന നടന്നിരുന്ന സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റ് പേരില്‍ മാറ്റംവരുത്തി പീപ്പിള്‍സ് ബസാറാക്കി സ്ഥലംമാറ്റിയതാണ് വില്പനയില്‍ വന്‍ ഇടിവുണ്ടാകാന്‍ ഒരു കാരണം. മാത്രമല്ല, പൊതുവിപണിയിലെ സാധനങ്ങളുടെ വില താരതമ്യംചെയ്യുമ്പോള്‍ പീപ്പിള്‍സ് ബസാറിലെ വിലയില്‍ വലിയ വ്യത്യാസമില്ലാത്തതും സ്ഥാപനത്തെ ജനങ്ങള്‍ കൈയൊഴിയാന്‍ കാരണമായി. പഴയകെട്ടിടത്തില്‍ വാഹനപാര്‍ക്കിങ്ങിനും ക്യൂ നില്‍ക്കാനും സൗകര്യം ഉണ്ടായിരുന്നു. മാത്രമല്ല, ആളുകള്‍ക്ക് എത്തിപ്പെടാനും വിഷമം ഉണ്ടായിരുന്നില്ല. നീലേശ്വരം നഗരസഭയിലെ ഭൂരിഭാഗം വാര്‍ഡുകളും നഗരത്തിലും പടിഞ്ഞാറന്‍ േഖലകളിലുമാണ്. ഈ സാഹചര്യത്തില്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ സപ്ലൈകോ ഒരു ശാഖ ആരംഭിച്ചാല്‍ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ക്ക് ആശ്വാസമാകുമായിരുന്നു. മാത്രമല്ല, അതുവഴി ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വിലയിലുള്ള കുറവ് നികത്തുവാനും കഴിയും.
പൊതുജനങ്ങള്‍ നിത്യവും ബന്ധപ്പെട്ടിരുന്ന സ്ഥാപനം മാറ്റിയതാണ് സപ്ലൈകോയ്ക്ക് വിനയായത്. അവധിദിവസങ്ങളില്‍പോലും വന്‍വില്പനയുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആളുകള്‍വരാത്ത അവസ്ഥയാണ്. സപ്ലൈകോ ഉപദേശകസമിതി യോഗത്തില്‍ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ പുതിയൊരു ശാഖ തുറക്കണമെന്ന ആവശ്യം ഉയര്‍ന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ ഇത്തരം രണ്ടുശാഖകള്‍ പ്രവര്‍ത്തിച്ചുവരുന്ന സാഹചര്യത്തില്‍ നീലേശ്വരത്തും അനുവദിച്ചാല്‍ നഷ്ടപ്പെട്ട വില്പന വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ ഉപദേശകസമിതി അംഗമായ റിട്ട. പ്രഥമാധ്യാപകന്‍ കെ.നാരായണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

More Citizen News - Kasargod