നഗരം ഓണത്തിരക്കിലേക്ക്; ഗതാഗതക്കുരുക്കും പതിവായി

Posted on: 23 Aug 2015കാഞ്ഞങ്ങാട്: സ്‌കൂളുകള്‍ ഓണാവധിക്കായി അടച്ചതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ തിരക്കേറി. പുത്തന്‍ ഉടുപ്പുകളും ഓണക്കോടിയും വാങ്ങാനെത്തുന്നവരെക്കൊണ്ടാണ് നഗരം നിറഞ്ഞത്. കടകള്‍ക്ക് പുറമെ വഴിയോര കച്ചവടത്തിലും നല്ല തിരക്കായിരുന്നു. റോഡരികില്‍ 10 രൂപ മുതലുള്ള പലതരം സാധനങ്ങള്‍ ലഭ്യമാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് പുറമെ സ്റ്റീല്‍പാത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെരിപ്പുകള്‍, കര്‍ട്ടണ്‍ സെറ്റുകള്‍, ചവിട്ടികള്‍, അലങ്കാരവസ്തുക്കള്‍ എന്നുവേണ്ട കടകളില്‍ ലഭിക്കുന്ന ഒട്ടുമിക്ക സാധനങ്ങളും വഴിയോര കച്ചവടത്തിലും ലഭ്യമാണ്. സാധനങ്ങളുടെ ഗുണമേന്മയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് പല അഭിപ്രായമാണ്. ശ്രദ്ധയോടെ കണ്ടറിഞ്ഞ് വാങ്ങിയാല്‍ വിലക്കുറവില്‍ നല്ല ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.
വാഹനപ്പെരുപ്പംകാരണം നഗരത്തില്‍ ഗതാഗതക്കുരുക്കും പതിവായി. വാഹനങ്ങളില്‍ എത്തുന്നവര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനിടയാക്കുന്നത്. പോലീസും ഹോംഗാര്‍ഡുകളും വളരെയേറെ പരിശ്രമിച്ചാണ് ഇതിന് പരിഹാരം കാണുന്നത്. വാഹനത്തിരക്ക് കാരണം കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനും പോലീസിന്റെ സഹായം േതടേണ്ട സ്ഥിതിയാണ്.

More Citizen News - Kasargod