കുഡ്‌ലുവില്‍ മദ്യം ഒഴുകുന്നു

Posted on: 23 Aug 2015മധുര്‍: മധുര്‍ പഞ്ചായത്തിലെ കുഡ്‌ലു, മീപ്പുഗുരി, ഉളിയത്തടുക്ക ഭാഗങ്ങളില്‍ മദ്യം ഒഴുകുന്നതായി പരാതി. ബിവറേജസ് ഔട്ട്‌ലറ്റുകള്‍ക്ക് അവധിവരുന്ന ദിവസങ്ങളിലാണ് അധികവും ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യംഒഴുകുന്നത്. മദ്യപന്മാരുടെ ശല്യംകാരണം വഴിനടക്കാന്‍പോലും പറ്റാത്ത അവസ്ഥയായെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. പുറമെനിന്നുള്ള ആളുകള്‍പോലും ഇവിടെ മദ്യപിക്കാനായി എത്തുന്നു.
വീടുകള്‍, ചില കടകള്‍ എന്നിവ കേന്ദ്രീകരിച്ചും വില്പന നടക്കുന്നുണ്ട്. ഗോവയില്‍നിന്നും കര്‍ണാടകയില്‍നിന്നുമെത്തുന്ന മദ്യമാണ് ഇവിടെ ഉയര്‍ന്ന വിലയ്ക്ക് വില്ക്കുന്നത്. സ്​പിരിറ്റില്‍ നിറംചേര്‍ത്ത് നല്കുന്നതായും പറയുന്നു. ഉളിയത്തടുക്കയ്ക്ക് സമീപത്തായി സ്​പിരിറ്റില്‍ നിറംചേര്‍ത്ത് വില്ക്കുന്ന കേന്ദ്രമുള്ളതായും അറിയുന്നു. സന്ധ്യമയങ്ങുന്നതോടെയാണ് മദ്യപന്മാരുടെ വരവ് കൂടുന്നത്.
എക്‌സൈസ് അധികൃതരുടെ പരിശോധനകള്‍ കൃത്യമായി ഉണ്ടാവാത്തതാണ് പ്രശ്‌നം രൂക്ഷമാകാനിടയാക്കുന്നത്. ഓണക്കാലമാകുന്നതോടെ മദ്യത്തിന്റെ ലഭ്യത ഇവിടെ കൂടുമെന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്.

More Citizen News - Kasargod