നാടന്‍ ഇലക്കറികളുടെ മത്സരം; സമ്മാനം തനിനാടന്‍ മണ്‍കുടം

Posted on: 23 Aug 2015ബോവിക്കാനം: സ്‌കൂളുകള്‍ക്കിത് ആഘോഷങ്ങളുടെ കാലമാണ്. ഓണാവധിക്കുമുമ്പ് സ്‌കൂളുകളില്‍ ഓണസദ്യയും കളികളുമായി ആഘോഷം പൊടിപൊടിക്കുമ്പോള്‍ ഇതാ ബോവിക്കാനം യു.പി. സ്‌കൂളില്‍ വ്യത്യസ്തമായ ആഘോഷം. നാടന്‍ ഇലക്കറികളുടെ പ്രാധാന്യം വിളിച്ചറിയിക്കാന്‍ ഇലക്കറികളുടെ പാചകമത്സരമാണ് ഇവിടെ നടത്തിയത്. വിജയികള്‍ക്ക് സമ്മാനം നല്കുന്നതിലുമുണ്ട് വ്യത്യസ്തത. നല്ല തനിനാടന്‍ മണ്‍കുടമാണ് ഇവിടെ സമ്മാനമായി നല്കിയത്.

അമ്മമാരുടെ സഹായത്തോടെ വിദ്യാര്‍ഥികള്‍ നാടന്‍ ഇലകള്‍കൊണ്ട് രുചിവൈവിധ്യം തീര്‍ത്തു. വിദ്യാര്‍ഥികള്‍ തഴക്കംവന്ന പാചകക്കാരെപ്പോലെ കറികള്‍ ഉണ്ടാക്കിയപ്പോള്‍ വിധിനിര്‍ണയവും അല്പം ദുഷ്‌കരമായി. ഒടുവില്‍ പാചകക്കുറിപ്പുകള്‍ക്കുകൂടി മാര്‍ക്കിട്ടുകൊണ്ടാണ് വിജയികളെ കണ്ടെത്തിയത്. നാലാം ക്ലാസിലെ ആതിര ഒന്നാംസ്ഥാനവും അഞ്ചാം ക്ലാസിലെ അഖില്‍ രണ്ടാംസ്ഥാനവും നേടി.

വിജയികള്‍ക്ക് പ്രഥമാധ്യാപകന്‍ കെ.ദാമോദരന്‍ സമ്മാനം വിതരണംചെയ്തു. വിഷലിപ്ത പച്ചക്കറികളില്‍നിന്നുള്ള മോചനത്തിന് വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്നതിനാണ് ഇലക്കറികളുടെ മത്സരം നടത്താന്‍ അധ്യാപകര്‍ തീരുമാനിച്ചത്.

More Citizen News - Kasargod