സ്വകാര്യ ബസ്സുകള്‍ നിയമം പാലിക്കുന്നില്ല; അന്വേഷണത്തിനെത്തിയത് വിജിലന്‍സ്‌

Posted on: 23 Aug 2015കാഞ്ഞങ്ങാട്: നിയമം തെറ്റിച്ചാല്‍ ബസ്സുകാരെ അന്വേഷിക്കാനും ചിലപ്പോള്‍ വിജിലന്‍സ് എത്തിയേക്കാം. കാഞ്ഞങ്ങാട്ടുനിന്ന് കിഴക്കന്‍ ഉള്‍പ്രദേശങ്ങളിലേക്ക് പോകുന്ന ബസ്സുകളെ കൈകാട്ടിനിര്‍ത്തി റോഡില്‍ വെച്ചുതന്നെ പരിശോധിച്ചത് വിജിലന്‍സുകാര്‍. ടിക്കറ്റ് നിരക്ക് അധികം വാങ്ങുക, റൂട്ട് തെറ്റിയോടുക തുടങ്ങിയ ക്രിയകളൊക്കെ കാണിക്കുന്ന ബസ്സുകാരെ പിടിക്കാന്‍ ശനിയാഴ്ച രാവിലെ മുതല്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാഞ്ഞങ്ങാട്ടെത്തി. അമ്പലത്തുകര, മുണ്ടോട്ട്, കാരക്കോട് എന്നിവിടങ്ങളിലെത്തിയാണ് കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ബസ് റോഡില്‍വെച്ചുതന്നെ പരിശോധിച്ചത്. പൂല്ലൂരില്‍നിന്ന് മുണ്ടോട്ടുവരെ പോകേണ്ട ബസ് റൂട്ട് തെറ്റിച്ച് എല്ലാദിവസവും കാഞ്ഞങ്ങാട്ടുനിന്ന് പുറപ്പെടുന്നു. പുല്ലൂരിലേക്ക് പോകാറേയില്ലെന്നാണ് പരാതി. ഇതിന്റെ പെര്‍മിറ്റ് പരിശോധിച്ചപ്പോള്‍ കാലാവധി കഴിഞ്ഞതാണെന്ന് ബോധ്യപ്പെട്ടതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഞ്ഞങ്ങാട്ടുനിന്ന് കാഞ്ഞിരപ്പൊയിലിലേക്കുള്ള ബസ് അമ്പലത്തുകരയിലെത്തി ഓട്ടം നിര്‍ത്തുന്നു. 13 രൂപ ടിക്കറ്റ് നിരക്കിന് 15 രൂപ ഈടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പോലീസില്‍നിന്നും ആര്‍.ടി.ഒ.യില്‍നിന്നും അവഗണനയാണുണ്ടാകുന്നതെന്നും അതാണ് വിജിലന്‍സിനെ അറിയിക്കാന്‍ താത്പര്യമെടുത്തതെന്നും നാട്ടുകാര്‍ പറഞ്ഞു.

More Citizen News - Kasargod