ട്രഷറിയില്‍നിന്നെടുത്ത പണം നഷ്ടപ്പെട്ട സംഭവം; അന്വേഷണം ടാങ്കര്‍ ലോറി കേന്ദ്രീകരിച്ച്‌

Posted on: 23 Aug 2015കാസര്‍കോട്: അധ്യാപകന്റെ കൈയില്‍നിന്ന് 9.75 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടകയിലെ ടാങ്കര്‍ ലോറി കേന്ദ്രീകരിച്ചാണ് അന്വേഷണംനടക്കുന്നത്. െബംഗളൂരുവിലെ ഇന്ദിരാനഗറില്‍ റജിസ്റ്റര്‍ചെയ്തിരിക്കുന്ന ടാങ്കര്‍ലോറിയുടെ ഡ്രൈവര്‍ക്ക് പണമടങ്ങിയ ബാഗ് ലഭിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചത്. ബേക്കല്‍ പോലീസ്സ്‌റ്റേഷനിലെ എ.എസ്.ഐ. ഉള്‍പ്പെടെയുള്ള സംഘം കര്‍ണാടകയിലേക്ക് പോയി.

മംഗളൂരുഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറിലെ ഡ്രൈവര്‍ക്ക് പണമടങ്ങിയ ബാഗ് കിട്ടിയെന്ന് ഒരു ഓട്ടോഡ്രൈവറാണ് പോലീസിന് സൂചനനല്കിയത്. ഇതിന്റെയടിസ്ഥാനത്തില്‍ ചെക്‌പോസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷിച്ചിരുന്നെങ്കിലും കാലിടാങ്കര്‍ ആയിരുന്നതിനാല്‍ ചെക്‌പോസ്റ്റ് റജിസ്റ്ററില്‍ വാഹനസംബന്ധമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. മംഗളൂരുവിലെ ഗ്യാസ് ഫില്ലിങ് സ്റ്റേഷനില്‍ ടാങ്കര്‍ ഉണ്ടാകുമെന്നും പണംകണ്ടെത്താമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് പാക്കം സ്‌കൂളിലെ അധ്യാപകന്‍ രാജേഷിന്റെ കൈയില്‍ നിന്ന് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. ചട്ടഞ്ചാലിലെ ട്രഷറിയില്‍ സ്‌കൂളിലെ ശമ്പളബില്‍ മാറി പണമടങ്ങിയ ബാഗ് ബൈക്കില്‍ തൂക്കി സ്‌കൂളിലേക്ക് വരികയായിരുന്നു രാജേഷ്. ഇതിനിടയിലാണ് 9,74,424 രൂപയടങ്ങിയ ബാഗ് ദേശീയപാതയില്‍വെച്ച് നഷ്ടമാകുന്നത്. ചട്ടഞ്ചാലിനും കുണിയക്കുമിടയിലാണ് ബാഗ് നഷ്ടപ്പെട്ടതെന്ന് അധ്യാപകന്‍ രാജേഷ് സ്‌കൂളില്‍നിന്ന് ബേക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

More Citizen News - Kasargod