കോടികളുടെ നികുതിവെട്ടിപ്പ്: വ്യാപാരികളുടെ രേഖകളില്‍ സൂക്ഷ്മപരിശോധനയ്ക്ക് തീരുമാനം

Posted on: 23 Aug 2015


ദിനകരന്‍ കൊമ്പിലാത്ത്കണ്ണൂര്‍: സംസ്ഥാനത്തെ ഗൃഹോപകരണമേഖലയിലും വെങ്കല പാത്ര വ്യാപാരമേഖലയിലും കോടികളുടെ നികുതിവെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വ്യാപാരികള്‍ ഫയല്‍ചെയ്യുന്ന റിട്ടേണുകളും രേഖകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. ഒന്നാംഘട്ടമെന്ന നിലയിലുള്ള പരിശോധനയില്‍ 70-ഓളം സ്ഥാപനങ്ങളില്‍നിന്നുമാത്രം 18 കോടിയോളം രൂപയുടെ വെട്ടിപ്പാണ് വാണിജ്യനികുതിവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.
കൂടുതല്‍ പരിശോധനയില്‍ ശതകോടികളുടെ വെട്ടിപ്പുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തൊട്ടാകെ വരുംദിവസങ്ങളില്‍ കര്‍ശനമായ പരിശോധന നടത്താന്‍ ഇന്റലിജന്‍സ് വിഭാഗം തീരുമാനിച്ചു.
പ്രാഥമികവിവരം ലഭ്യമായ 34-ഓളം തുണിക്കടകളിലും 27 ഗൃഹോപകരണസ്ഥാപനങ്ങളിലും ഏതാനും വെങ്കലപാത്ര വ്യാപാരസ്ഥാപനങ്ങളിലുമാണ് വാണിജ്യനികുതിവകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. പരിശോധന നടത്തിയ എല്ലായിടങ്ങളിലും വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 17.70 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വിറ്റുവരവും കണ്ടെത്തി. ഇതിന്മേലുള്ള ഏകദേശ നികുതിബാധ്യത മാത്രം രണ്ടു കോടിയോളം വരും. ഇത്തരം വ്യാപാരികളുടെ കണക്കുപുസ്തകങ്ങള്‍ കൂടുതല്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനും നീക്കമുണ്ട്.
തിരുവനന്തപുരംജില്ലയില്‍ രണ്ട് തുണിക്കടകളില്‍നിന്ന് ഏകദേശം ഒരു കോടി 14 ലക്ഷത്തിന്റെയും ഗൃഹോപകരണസ്ഥാപനങ്ങളില്‍നിന്ന് 36 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി. കൊല്ലത്ത് ഒരു തുണിക്കടയില്‍ 84 ലക്ഷത്തിന്റെയും രണ്ട് ഗൃഹോപകരണ സ്ഥാപനങ്ങളില്‍ 14 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവും കണ്ടെത്തി.
ആലപ്പുഴജില്ലയില്‍ ഒരു തുണിക്കടയില്‍ ഏകദേശം ഒരുകോടി 28 ലക്ഷത്തിന്റെയും ഒരു ഗൃഹോപകരണസ്ഥാപനത്തില്‍നിന്ന് 26 ലക്ഷത്തിന്റെയും, നാല് വെങ്കലപാത്ര വ്യാപാരസ്ഥാപനത്തില്‍നിന്ന് മൂന്നുകോടി 10 ലക്ഷം രൂപയുടെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് ഇവിടങ്ങളില്‍ ഉണ്ടായിട്ടുള്ളത്.
കോട്ടയംജില്ലയില്‍ ഒരു തുണിക്കടയില്‍നിന്ന് 68 ലക്ഷത്തിന്റെയും മൂന്ന് ഗൃഹോപകരണസ്ഥാപനങ്ങളില്‍നിന്ന് 140 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി.
പത്തനംതിട്ടജില്ലയില്‍ ഒരു തുണിക്കടയിലും ഗൃഹോപകരണ സ്ഥാപനത്തിലും നടന്ന പരിശോധനയില്‍ 59 കോടിയുടെ വിറ്റുവരവ് കണ്ടെത്തി. അതിന്മേലുള്ള നികുതിബാധ്യത യഥാക്രമം 1.2, 3.5 ലക്ഷം രൂപ വരും. ഇടുക്കിയിലെ രണ്ടു കടകളില്‍ മാത്രം നടന്ന പരിശോധനയില്‍ ഒരു കോടി 67 ലക്ഷത്തിന്റെയും ഒരു ഗൃഹോപകരണസ്ഥാപനത്തില്‍നിന്ന് 20 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി. നികുതിബാധ്യത യഥാക്രമം 3.92, 1.15 ലക്ഷം എന്നിങ്ങനെ വരും.
എറണാകുളത്ത് 12 തുണിക്കടകളില്‍ പരിശോധന നടത്തി. ഏകദേശം രണ്ടു കോടി 44 ലക്ഷത്തിന്റെയും ഏഴു ഗൃഹോപകരണസ്ഥാപനങ്ങളില്‍നിന്ന് 7.70 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മാത്രം നികുതിബാധ്യത യഥാക്രമം 17.12, 2.09 ലക്ഷം രൂപ വരും. തൃശ്ശൂര്‍ ജില്ലയില്‍ മൂന്ന് തുണിക്കടകളില്‍നിന്ന് ഏകദേശം 75 ലക്ഷത്തിന്റെയും രണ്ട് ഗൃഹോപകരണസ്ഥാപനങ്ങളില്‍നിന്ന് 39.7 ലക്ഷത്തിന്റേയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തിയപ്പോള്‍ നികുതിബാധ്യത 17 ലക്ഷത്തോളമാണ്.
പാലക്കാട് ജില്ലയില്‍ അഞ്ചു തുണിക്കടകളില്‍നിന്ന് ഏകദേശം 104 ലക്ഷത്തിന്റെയും അഞ്ച് ഗൃഹോപകരണ സ്ഥാപനങ്ങളില്‍നിന്ന് 17 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തിയപ്പോള്‍ മലപ്പുറത്ത് ഒരു തുണിക്കടയില്‍ മാത്രം 45 ലക്ഷത്തിന്റെയും ഗൃഹോപകരണസ്ഥാപനത്തില്‍ 21.5 ലക്ഷത്തിന്റെയും അനധികൃത വിറ്റുവരവ് കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ ഒരു തുണിക്കടയില്‍നിന്ന് 60 ലക്ഷത്തിന്റെയും ഗൃഹോപകരണ സ്ഥാപനത്തില്‍ ഏഴു ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി. വയനാട് ജില്ലയിലെ തുണിക്കടയില്‍ 40 ലക്ഷത്തിന്റെയും അനധികൃത വിറ്റുവരവ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയില്‍ രണ്ട് തുണിക്കടകളില്‍ നടത്തിയ പരിശോധനയില്‍ ഏകദേശം 29 ലക്ഷത്തിന്റെയും ഒരു ഗൃഹോപകരണ സ്ഥാപനത്തില്‍ നാലു ലക്ഷത്തിന്റെയുമാണ് അനധികൃത വിറ്റവരവ്. ലക്ഷങ്ങളുടെ നികുതിവെട്ടിപ്പാണ് ഇവിടെയും നടന്നത്. കാസര്‍കോട് 32 ലക്ഷത്തിന്റെയും കണക്കില്‍പ്പെടാത്ത വിറ്റുവരവ് കണ്ടെത്തി.
അതേസമയം സൂക്ഷ്മപരിശോധനയില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്.

More Citizen News - Kasargod