ജനസാഗരം സാക്ഷി; ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം നാടിന് സമര്‍പ്പിച്ചു.

Posted on: 22 Aug 2015



റുവത്തൂര്‍: അലയടിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം നാടിന് സമര്‍പ്പിച്ചു. നേരത്തേ നിശ്ചയിച്ചതിലും രണ്ടുമണിക്കൂര്‍ വൈകിയെത്തിയ മുഖ്യമന്ത്രി സദസ്സിനോട് ക്ഷമചോദിച്ചാണ് പ്രസംഗം തുടങ്ങിയത്.
തീരദേശ മത്സ്യത്തൊഴില്‍മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്കുന്നതെന്നും അത് ഔദാര്യമല്ലെന്നും മത്സ്യത്തൊഴിലാളികള്‍ പ്രത്യേക പരിഗണയര്‍ഹിക്കുന്നവരായതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ പരിമിതികളുള്ള പ്രദേശമെന്ന് തിരിച്ചറിഞ്ഞ് തീരദേശമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
29.6 കോടിയുടെ എസ്റ്റിമേറ്റിലാണ് ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം നിര്‍മിച്ചത്. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് സുഗമമായി കടലിലേക്കുപോകാനും തിരിച്ചുവരാനും മണല്‍തിട്ട തടസ്സമായിട്ടുണ്ട്. ഇത് നീക്കംചെയ്യുന്നതിന് പുതിക്കിയ എസ്റ്റിമേറ്റ് പ്രകാരം 33 കോടി രൂപ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കി.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ തടസ്സംനില്ക്കുന്നതായി മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മത്സ്യബന്ധനമേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് നേരത്തെ കേന്ദ്രം 75 ശതമാനം സഹായധനം അനുവദിച്ചത് 40 ശതമാനമായി കുറച്ചു. 25 ശതമാനമായിരുന്ന സംസ്ഥാനവിഹിതം 60 ശതമാനമായി ഉയര്‍ന്നു. ഇത് വികസനപ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കും. കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫിഷറീസ്-തുറമുഖ മന്ത്രി കെ.ബാബു അധ്യക്ഷതവഹിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍, ഇ.ചന്ദ്രശേഖരന്‍, എന്‍.എ.നെല്ലിക്കുന്ന്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കാര്‍ത്ത്യായനി, സി.കുഞ്ഞിക്കൃഷ്ണന്‍, പി.ശ്യാമള, എ.വി.രമണി, എ.ജി.സി.ബഷീര്‍, എം.ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.ശാന്ത, കെ.പദ്മനാഭന്‍, കെ.പി.സതീഷ്ചന്ദ്രന്‍, പി.വി.ഗോവിന്ദന്‍, അഡ്വ. യു.എസ്.ബാലന്‍, പ്രമോദ് കരുവളം, മുനമ്പത്ത് ഗോവിന്ദന്‍, എ.എ.റഹീം ഹാജി, മൂത്തല്‍ കണ്ണന്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുറമുഖം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയെ കവാടപരിസരത്തുനിന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സംഘാടകസമിതി ഭാരവാഹികളും നാട്ടുകാരും സ്വീകരിച്ച്് വേദിയിലേക്ക് ആനയിച്ചു.

More Citizen News - Kasargod