വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ സ്വന്തം വിപണി കണ്ടെത്താന്‍ കേരഫെഡ് കൃഷിഭവനുകളിലേക്ക്‌

Posted on: 22 Aug 2015കാസര്‍കോട്: കേരഫെഡ് ഉത്പന്നങ്ങളുടെ പേരിലുള്ള വ്യാജ ഉത്പന്നങ്ങളെ മറികടക്കാന്‍ കേരഫെഡ് കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് ഉത്പന്നങ്ങളെത്തിച്ചുതുടങ്ങി. അര്‍ബുദത്തിനുപോലും കാരണമായേക്കാവുന്ന പാരഫിന്‍പോലുള്ള വിഷപദാര്‍ഥങ്ങള്‍ അടങ്ങിയ 13 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, കേരഫെഡിന്റെ വെളിച്ചെണ്ണയായ 'കേര'യുടെ വ്യാജ ലേബലില്‍പോലും വിപണിയില്‍ വെളിച്ചണ്ണെയും മറ്റ് ഉത്പന്നങ്ങളും എത്തിയതിനെത്തുടര്‍ന്നാണ് കേരഫെഡ് കൃഷിഭവനുകളിലൂടെ വില്പനയ്‌ക്കൊരുങ്ങുന്നത്.
ജില്ലയില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, അജാനൂര്‍, ഉദുമ, കോടോം-ബേളൂര്‍, ബളാല്‍, ബേഡഡുക്ക, ദേലമ്പാടി, കാറഡുക്ക, മുളിയാര്‍ ബദിയടുക്ക, കുമ്പള, മധൂര്‍ മഞ്ചേശ്വരം എന്നീ കൃഷിഭവനുകളിലാണ് കേരഫെഡിന്റെ ഉത്പന്നങ്ങള്‍ വില്പനയ്ക്കായി എത്തിക്കുന്നത്.
'കേര' വെളിച്ചെണ്ണയുടെ ഒരുലിറ്റര്‍ പാക്കിന് 10 രൂപ ഇളവുനല്കി 145 രൂപയ്ക്കും അരലിറ്റര്‍ പായ്ക്ക് അഞ്ചുരൂപ ഇളവില്‍ 73 രൂപയ്ക്കുമാണ് വില്ക്കുന്നത്. തേങ്ങാ പാല്‍പ്പൊടി ഏഴുരൂപ ഇളവില്‍ 68 രൂപയ്ക്കും തേങ്ങാപ്പൊടി 21 രൂപയ്ക്കും ലഭ്യമാണ്. മുടികൊഴിച്ചില്‍, താരന്‍, അകാലനര എന്നിവയ്‌ക്കെതിരെ ഫലപ്രദമായ ആയുര്‍വേദിക്ക് ഹെയര്‍ഓയില്‍ ആയ 'കേരജം കേശാമൃത്' 10 രൂപ ഇളവില്‍ 140 രൂപയ്ക്കുവാങ്ങാം. ഓണത്തോടനുബന്ധിച്ച് വെളിച്ചെണ്ണ പായ്ക്കുകളില്‍ സമ്മാനക്കൂപ്പണുകളും നല്കുന്നുണ്ട്. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന തേങ്ങയില്‍നിന്ന് കേരഫെഡ് പ്ലാന്റുകളില്‍ തയ്യാറാക്കുന്ന ഉത്പന്നങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ എത്തിക്കുന്നത്.

More Citizen News - Kasargod