എന്‍ഡോസള്‍ഫാന്‍ തളിച്ച ഹെലികോപ്റ്ററില്‍ ഞാനുമുണ്ടായിരുന്നു -മന്ത്രി ബാബു

Posted on: 22 Aug 2015കാഞ്ഞങ്ങാട്: 1980-ല്‍ കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചപ്പോള്‍ ആ ഹെലികോപ്റ്ററില്‍ താനുമുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബാബു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു അന്ന് താനെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് 108 വീടുകള്‍ പണിതുനല്കുന്ന 'സായിപ്രസാദം' പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. താന്‍ ആദ്യമായി ഹെലികോപ്റ്ററില്‍ കയറിയത് അന്നാണെന്ന് പറഞ്ഞുതുടങ്ങിയ മന്ത്രി എന്‍ഡോസള്‍ഫാന്‍ കീടനാശിനി വര്‍ഷിച്ചതിന്റെ ദൃക്‌സാക്ഷിത്വത്തെക്കുറിച്ചും വിവരിച്ചു.
സത്യത്തില്‍ ഇത്രയും ഭീകര കീടനാശിനിയാണ് തളിച്ചതെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മ രംഗത്തുവന്നപ്പോഴാണ് ഈ മഹാദുരന്തത്തിന്റെ വ്യാപ്തി ശരിക്കും മനസ്സിലായത്. ഇത്രയുംവലിയ കീടനാശിനിയാണ് കാസര്‍കോടിന്റെ മണ്ണിലേക്ക് പെയ്യിക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നെങ്കില്‍ അത് അപ്പോള്‍ത്തന്നെ തടഞ്ഞേനെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ദുരിതം പുറത്തെത്തിച്ചത് ലീലാകുമാരിയമ്മയാണ്. അവര്‍ ഈ നാടിന്റെ സമ്പത്താകുന്നത് അതുകൊണ്ടാണ്. സര്‍ക്കാറിന്റെപോലും കണ്ണുതുറപ്പിക്കാന്‍ ലീലാകുമാരിയമ്മയ്ക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടകനായിരുന്ന മുഖ്യമന്ത്രി വേദി വിട്ടശേഷമായിരുന്നു
മന്ത്രി ബാബുവിന്റെ പ്രസംഗം.

More Citizen News - Kasargod