കുട്ടി ക്ലാസില്‍നിന്ന് 'മുങ്ങി'യാല്‍ രക്ഷിതാവിന് മെസേജ്

Posted on: 22 Aug 2015


പി.പി.ലിബീഷ് കുമാര്‍കാസര്‍കോട്: നിങ്ങളുടെ കുട്ടി ഇന്ന് സ്‌കൂളില്‍ എത്തിയിട്ടില്ലേ? എങ്കില്‍ ഈ വിവരം എസ്.എം.എസ്. ആയി രക്ഷിതാവിന്റെ ഫോണില്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ ക്ലാസില്‍നിന്ന് മുങ്ങിയാല്‍ വിവരം അപ്പപ്പോള്‍ രക്ഷിതാക്കളെ അറിയിക്കാനുള്ള 'സഹായ' സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം.) തയ്യാറാക്കിയ ഈ സോഫ്‌റ്റ്വേര്‍ ആപ്ലിക്കേഷന്‍ സംസ്ഥാനത്തെ ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതിനല്കി. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഇത് ആദ്യംവരിക.
വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമുള്ള ഈ പദ്ധതിവഴി ഹാജര്‍വിവരം മാത്രമല്ല, പരീക്ഷയിലെ മാര്‍ക്ക്, വിദ്യാര്‍ഥിയുടെ പഠനനിലവാരം എന്നിവയും ലഭിക്കും. ഒരു വിദ്യാര്‍ഥി ഹാജര്‍ എടുക്കുന്ന സമയത്ത് എത്തിയില്ലെങ്കില്‍ ആ വിവരം രക്ഷിതാവിന് ഫോണില്‍ മെസേജായി വരും. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും ശ്രമംനടക്കുന്നുണ്ട്. അസുഖം മൂലമോ മറ്റു കാരണങ്ങള്‍കൊണ്ടോ കുട്ടി അവധിയാണെങ്കില്‍ മെസേജ് വരില്ല. സ്‌കൂളധികൃതര്‍ കൃത്യമായി അപ്ലോഡ് ചെയ്യുന്നതിനനുസരിച്ചായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.
സ്‌കൂള്‍ കുട്ടികളുടെ പേര്, ഫോട്ടോ, വിവരങ്ങള്‍, രക്ഷിതാക്കളുടെ മൊബൈല്‍നമ്പര്‍ എന്നിവ ഈ സോഫ്‌റ്റ്വേറില്‍ അപ്ലോഡുചെയ്താണ് ഇത് സാധ്യമാവുക. ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് ഈ സംവിധാനം നടപ്പാക്കാം. തിരുവനന്തപുരം കോര്‍പ്പറേഷനിലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. ഇതിന്റെ വിജയത്തെത്തുടര്‍ന്നാണ് 'സഹായ' സംസ്ഥാനത്ത് വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ 250 കുട്ടികള്‍ക്കും 1000 രൂപ വീതം വാര്‍ഷികവിഹിതമായി ഐ.കെ.എമ്മില്‍ അടയ്ക്കണം. എസ്.എം.എസ്സിനുള്ള ചെലവ് തദ്ദേശ ഭരണ സ്ഥാപനങ്ങളോ സ്‌കൂള്‍ പി.ടി.എ.യോ (സ്‌കൂള്‍ മാനേജ്‌മെന്റ്) അടയ്ക്കണം.

More Citizen News - Kasargod