ബാര്‍ വിവാദത്തില്‍പ്പെട്ട ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുവദിക്കാന്‍ ഉത്തരവ്‌

Posted on: 21 Aug 2015കാഞ്ഞങ്ങാട്: ബാര്‍ കോഴ വിവാദത്തില്‍ ഉള്‍പ്പെട്ട രാജ് റസിഡന്‍സി ഹോട്ടലിനു ബിയര്‍, വൈന്‍ പാര്‍ലര്‍ അനുവദിക്കാന്‍ എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ്. എന്നാല്‍, നഗരസഭയുടെ എതിര്‍പ്പില്ലാ രേഖ റദ്ദാക്കപ്പെടാതെ, ഹോട്ടലിനു ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി എക്‌സൈസിനെ അറിയിച്ചു.
കാസര്‍കോട് എക്‌സൈസ് അസി. കമ്മീഷണറുടെ ശുപാര്‍ശ പ്രകാരമാണ് ഹോട്ടലുടമയുടെ അപേക്ഷ കമ്മീഷണര്‍ പരിഗണിച്ചതും ബിയര്‍, വൈന്‍ പാര്‍ലറിന് അനുമതി നല്കിയതും. ശുപാര്‍ശചെയ്ത അസി. എക്‌സൈസ് കമ്മീഷണര്‍ സ്ഥലംമാറി പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റയുടനെയാണ് ഉത്തരവെത്തിയത്. വിവാദത്തില്‍പ്പെട്ട സ്ഥാപനമായതിനാല്‍ ഇക്കാര്യത്തില്‍ നഗരസഭാ സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.
നഗരസഭാധ്യക്ഷയുടെ സ്ഥാനചലനം ഉള്‍പ്പെടെ രാഷ്ട്രീയമായി ഏറെ വിവാദമുണ്ടാക്കിയ എതിര്‍പ്പില്ലാ രേഖ സര്‍ക്കാര്‍ താത്കാലിക റദ്ദാക്കിയ നടപടി നിലനില്‍ക്കുന്നുവെന്നാണ് സെക്രട്ടറി നല്കിയ മറുപടി. കേരള മുന്‍സിപ്പല്‍ ആക്ട് പ്രകാരമായിരുന്നു സര്‍ക്കാര്‍ നടപടി. ഇതോടെ, അനുമതി നല്‍കിയ എക്‌സൈസ് കമ്മിഷണറുടെ നടപടി പുനപരിശോധിക്കേണ്ടി വരും. ഇക്കാര്യം അസി. എക്‌സൈസ് കമ്മിഷണര്‍ അധികൃതരെ അറിയിച്ചുകഴിഞ്ഞു.
2014 ഏപ്രില്‍ 28-ന് ചേര്‍ന്ന ചേര്‍ന്ന നഗരസഭ യോഗത്തിലാണു ബാര്‍ തുടങ്ങുന്നതില്‍ എതിര്‍പ്പില്ലെന്നു നഗരസഭ അറിയിച്ചത്. ബാറിന് അനുവദിച്ച എതിര്‍പ്പില്ലാരേഖ വിവാദമായതിനെത്തുടര്‍ന്ന് 2014 മേയ് മൂന്നിന് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു.

More Citizen News - Kasargod