ഉറവിടമൊരുക്കിയവര്‍ക്ക് നന്ദി അറിയിച്ച് കൊതുകുകള്‍, ഇനി വളര്‍ത്തില്ലെന്ന് കുട്ടികള്‍

Posted on: 21 Aug 2015പുല്ലൂര്‍: കവുങ്ങിന്‍ തോട്ടത്തിലെ പാളയില്‍ ഹൗസില്‍നിന്ന് കൊതുകുകള്‍ കത്തെഴുതി. വളര്‍ത്തിയതിനും വീടൊരുക്കിയതിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കത്ത്. ലോക കൊതുകുദിനത്തില്‍ പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളിലെ കുട്ടികളെത്തേടിയാണ് കൊതുകുകളുടെ ജന്മദിന സന്ദേശ കത്ത് എത്തിയത്. സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് സ്‌കൂള്‍ ലീഡര്‍ അനിരുദ്ധ് കൊതുകിന്റെ കത്ത് വായിച്ചു. മലമ്പനി കൊതുകിനെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ റൊണാള്‍ഡ് റോസിനും തങ്ങള്‍ക്ക് ഇഷ്ടംപോലെ താമസിക്കാന്‍ ഉറവിടമൊരുക്കിതരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു കൊതുകുകള്‍ കത്ത് അവസാനിപ്പിച്ചത്.
കത്തിലെ കാര്യങ്ങള്‍ കേട്ടപ്പോഴാണ് അശ്രദ്ധയോടെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലും ഇളനീര്‍ തൊണ്ടുകളും ചിരട്ടകള്‍ ഉള്‍പ്പെടെയുള്ളവയും എത്രമാത്രം ദോഷകരമാണെന്ന് കുട്ടികള്‍ മനസ്സിലാക്കിയത്. ഇനി ഒരിക്കലും കൊതുകുകളുടെ ആവാസകേന്ദ്രങ്ങള്‍ ഒരുക്കാന്‍ ഇടവരുത്തില്ലെന്ന് കുട്ടികള്‍ പ്രതിജ്ഞയെടുത്തു.
പെരിയ സാമൂഹികാരോഗ്യകേന്ദ്രം സംഘടിപ്പിച്ച പരിപാടി പ്രഥമാധ്യാപികയുടെ ചുമതല വഹിക്കുന്ന പി.ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ. കെ.രാജീവന്‍, ബാബുരാജ് പെരിയ, ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod