നിഴലളന്ന് വിദ്യാര്‍ഥികള്‍ കണ്ടെത്തിയത് ശാസ്ത്രസത്യങ്ങള്‍

Posted on: 21 Aug 2015തൃക്കരിപ്പൂര്‍: ചിങ്ങമാസത്തിലെ നട്ടുച്ചവെയിലില്‍ തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ സൗരഗവേഷണത്തില്‍ കണ്ടെത്തിയത് 15-ഓളം ശാസ്ത്രസത്യങ്ങള്‍. സ്‌കൂളിലെ പ്രഥമാധ്യാപകനും വാനനിരീക്ഷകനുമായ വെള്ളൂര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ അഞ്ചുമുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഗവേഷണത്തില്‍ പങ്കെടുത്തു.
സ്‌കൂള്‍ മൈതാനത്തിന്റെ മധ്യഭാഗത്ത് തയ്യാറാക്കിയ നിഴല്‍യന്ത്രത്തിനുചുറ്റും വിദ്യാര്‍ഥികള്‍ കൃത്രിമ സൗരയൂഥം തീര്‍ത്തുകൊണ്ട് എട്ട് സഞ്ചാരപഥങ്ങളിലായി അണിനിരന്നു. 12 മണിയായപ്പോള്‍ സൂര്യന്‍ കുട്ടികളുടെ തലയ്ക്ക് മുകളില്‍നിന്ന് കിഴക്ക് ജാര്‍ഖണ്ഡിലൂടെ കടന്നുപോകുന്ന ഇന്ത്യന്‍ മാനകരേഖാംശരേഖയുടെ മുകളിലായിരുന്നു. അതിലൂടെ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ ശാസ്ത്രസത്യങ്ങള്‍ ഇവയായിരുന്നു. സൂര്യന്‍ കാസര്‍കോട് ജില്ലയുടെ നേര്‍മുകളില്‍ വരുന്നത് ആഗസ്ത് 20-നാണ്. ഈദിവസം ജില്ലയില്‍ സൂര്യപ്രകാശം ലംബമായി പതിക്കുന്നു. ഈദിവസം രാപകലുകളുടെ ദൈര്‍ഘ്യം 12 മണിക്കൂര്‍ വീതമാണ്. കാലം ഉത്തരാര്‍ധഗോളത്തിലെ ഗ്രീഷ്മഋതുവാണ്. ഈദിവസം ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു. സൂര്യന്‍ കാസര്‍കോടിന് മുകളിലെത്തുന്നത് ഉച്ചയ്ക്ക് 12.30-നാണ്. ഐ.എസ്.ടി.യും പ്രാദേശിക ഉച്ചയും തമ്മില്‍ 30 മിനിട്ട് വ്യത്യാസമുണ്ട്. കാസര്‍കോടിന്റെ പ്രാദേശിക രേഖാംശം 75 ഡിഗ്രിയാണ്.
നൂറ്റാണ്ടുകള്‍ക്കുമുന്പ് സൂര്യപ്രകാശത്തെ നിരീക്ഷിച്ച് ഇറാത്തോസ്തനീസ് ഭൂമിയുടെ ചുറ്റളവ് കണ്ടെത്തിയ രീതി കുട്ടികള്‍ നേരിട്ടുമനസ്സിലാക്കി. സൗരഗവേഷണം നീലേശ്വരം സി.ഐ. പ്രേമരാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗ്രാമപ്പഞ്ചയത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. സി.എം.രവീന്ദ്രന്‍ നായര്‍, ടി.അജിത, കെ.സുഹ്‌റ, എം.പി.രാഘവന്‍, സി.ഷൗക്കത്തലി, കെ.വി.കൃഷ്ണപ്രസാദ്, ഉറുമീസ് തൃക്കരിപ്പൂര്‍, കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod