രാഹുലും രാഹിതയും ഇനി നാടിന്റെ കൈകളില്‍ സുരക്ഷിതര്‍

Posted on: 21 Aug 2015ചെറുവത്തൂര്‍: അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട രാഹുലും രാഹിതയും ഇനി അനാഥരല്ല, ഇവരുടെ സംരക്ഷണത്തിന് നാടൊരുമിച്ചു. രോഗബാധിതരായ അച്ഛന്‍ മണിയും അമ്മ ഷീബയും മരണത്തിന് കീഴടങ്ങിയതോടെ അനാഥരായ കുട്ടികളെ സഹായിക്കാന്‍ നാട് കൈകോര്‍ക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ചെറുവത്തൂര്‍ റെയില്‍വേ കുളത്തിന് സമീപത്തെ കെ.പി.കുഞ്ഞിമാണിക്കത്തിന്റെ വീട്ടില്‍ നടന്ന സഹായ-സംരക്ഷണസമിതി രൂപവത്കരണയോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികള്‍, കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവരുടെ പഠനം, ഭക്ഷണം, പാര്‍പ്പിടം എന്നിവ സമിതി ഏറ്റെടുക്കും. ഉദാരമതികളുടെ സഹായത്തോടെ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാനും തീരുമാനിച്ചു. വീടിനാവശ്യമായ സിമന്റ് വ്യാപാരി വ്യവസായി ഏകോപനസമിതി ട്രസ്റ്റ് നല്കുമെന്ന് യോഗത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ സഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിക്ക് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നിവേദനം നല്കും
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനി അധ്യക്ഷതവഹിച്ചു. സൂര്യനാരായണ കുഞ്ചൂരായര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, ടി.നാരായണന്‍, എം.സരോജിനി, ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, എ.രമണി, പി.ബാലകൃഷ്ണന്‍, കെ.വി.രാഘവന്‍, കെ.കുമാരന്‍ വൈദ്യര്‍, കെ.എം.ഗിരീഷ്, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.പദ്മിനി (ചെയ.), എ.കരുണാകരന്‍ (കണ്‍.).

More Citizen News - Kasargod