മകള്‍ക്ക് അര്‍ബുദം; ദുരിതക്കയത്തില്‍ ജ്യോതി

Posted on: 21 Aug 2015കാഞ്ഞങ്ങാട്: മൂത്തമകള്‍ക്ക് തലച്ചോറിന് അര്‍ബുദം. രണ്ടാമത്തെ മകള്‍ ആറാം തരത്തില്‍ പഠിക്കുന്നു. ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. മൂത്തമകളുടെ ചികിത്സയ്ക്കും രണ്ടാമത്തെ മകളുടെ പഠനത്തിനും നിത്യജീവിതം തള്ളിനീക്കാനുള്ള തത്രപ്പാടിനും മുന്നില്‍ പകച്ചുനില്‍ക്കുകയാണ് കോട്ടപ്പാറയിലെ ജ്യോതി. മകള്‍ അശ്വതിയുടെ ചികിത്സച്ചെലവിന് നാട്ടുകാര്‍ സ്വരൂക്കൂട്ടിയ രൂപകൊണ്ട് ചികിത്സ നടക്കുന്നുണ്ട്. എങ്കിലും പാറപ്പുറത്തുള്ള ആറുസെന്റ് സ്ഥലത്തെ വീട്ടിലിരുന്ന് ഈ യുവതിക്ക് എന്തുചെയ്യാനാകും. ഈ കുടുംബത്തിന്റെ ദുഃഖം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ് ചികിത്സാസഹായ സമിതിക്കാര്‍. അശ്വതിക്ക് തലച്ചോറിന് അര്‍ബുദം ബാധിച്ചത് ഒന്നരവര്‍ഷം മുമ്പാണ്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന പദ്മനാഭന്‍ മരിച്ചപ്പോള്‍ത്തന്നെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജ്യോതിയും രണ്ടുപെണ്‍മക്കളും. ഭര്‍ത്താവിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് മകളുടെ രോഗവിവരം പുറത്തുവന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി. ആര്‍.സി.സി.യിലെ ചികിത്സയിലാണിപ്പോള്‍. ഈ കുടുംബത്തിന്റെ ദുഃഖം മാതൃഭൂമിയില്‍ വാര്‍ത്ത വന്നു. ഇത് ചികിത്സാസഹായം കിട്ടാനിടയാക്കി. ഇപ്പോള്‍ ജ്യോതിക്ക് ആവശ്യം ഒരു ജോലിയാണ്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പറഞ്ഞാല്‍ ഈ കുടുംബത്തെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

More Citizen News - Kasargod