മലയോരഹൈവേ; മുഖ്യമന്ത്രിയോട് സങ്കടംപറയാന്‍ വെള്ളരിക്കുണ്ടുകാര്‍

Posted on: 21 Aug 2015കാഞ്ഞങ്ങാട്: മലയോരഹൈവേ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്നതിന് എന്താണ് തടസ്സം. ആരൊക്കെയാണ് ഇതിന് എതിരുനില്ക്കുന്നവര്‍...അവരുടെ താത്പര്യമെന്താണ്... നാട്ടുകാര്‍ക്ക് ഇതെല്ലാമറിയാം. എല്ലാം തുറന്നുപറയാന്‍ അവര്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച പരപ്പയില്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം ഉദ്ഘാടനംചെയ്യാനെത്തുന്ന ഉമ്മന്‍ചാണ്ടിക്കുമുമ്പില്‍ വെള്ളരിക്കുണ്ട് താലൂക്കിലുള്ളവര്‍ ഈ സങ്കടമെല്ലാം പറയും.
വെള്ളരിക്കുണ്ട് ആസ്ഥാനമായി കിഴക്കന്‍ മലയോരമേഖലയില്‍ പുതിയ താലൂക്ക് രൂപവത്കരിച്ചിട്ട് അധികമായില്ല. നല്ല റോഡുകള്‍ ഉണ്ടായിട്ടുപോലും ഇവിടെയുള്ളവര്‍ക്ക് ആവശ്യത്തിന് ബസ്സുകളോ മറ്റു യാത്രാവാഹനങ്ങളോ കിട്ടാത്ത അവസ്ഥയാണ്. താലൂക്ക് കേന്ദ്രത്തില്‍ എത്താന്‍ വാഹനസൗകര്യമില്ലാതെ മലയോരജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴാണ് മറുഭാഗത്ത് വെള്ളരിക്കുണ്ടിനെ തൊടാതെ മലോയോരഹൈവേയുടെ പുതിയ റൂട്ട്മാപ്പ് തയ്യാറാക്കിയത്.
2005-ല്‍ മലയോരഹൈവേയുടെ രൂപരേഖ തയ്യാറാക്കിയപ്പോള്‍ വെള്ളരിക്കുണ്ടുള്‍പ്പെട്ടാണ് കാസര്‍കോടിന്റെ പാത കണക്കാക്കിയിരുന്നത്. കണ്ണൂരില്‍ നടന്ന രൂപരേഖ തയ്യാറാക്കലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി എം.കെ.മുനീറും അന്ന് എം.എല്‍.എ. ആയിരുന്ന കെ.സി.ജോസഫും ചേര്‍ന്നാണ് റൂട്ടിന് അംഗീകാരം നല്കിയത്. ഇപ്പോള്‍ വെള്ളരിക്കുണ്ടിനെ തൊടാത വനമേഖലവഴി ചെറുപുഴയിലേക്കെത്താന്‍ റൂട്ട് ആക്കി മാറ്റിയിരിക്കുകയാണ് ചിലര്‍. ഇത് നാറ്റ്പാക് അംഗീകരിക്കുകയും ചെയ്തു. തലതിരിഞ്ഞ റൂട്ടെന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന ഈ വഴി എന്തിനാണ് നാറ്റ്പാക് അംഗീകരിച്ചതെന്ന ചോദ്യത്തിന് ഉത്തരം മുഖ്യമന്ത്രിക്ക് മുമ്പില്‍ നാട്ടുകാര്‍ പറയും.
മലയോരപഞ്ചായത്തായ പനത്തടി, കള്ളാര്‍, കോടോം-ബേളൂര്‍, ബളാല്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്നതിന് മലയോരഹൈവെയുടെ പഴയ റൂട്ടിലൂടെ സാധ്യമാകുമെന്ന് ആക്ഷന്‍കമ്മിറ്റി ചെയര്‍മാന്‍ എ.സി.എ.ലത്തീഫ് പറഞ്ഞു
നന്ദാരപദവ് മുതല്‍ ചെറുപുഴവരെയാണ് കാസര്‍കോട് ജില്ലയിലെ മലയോര ഹൈവേ റൂട്ട്. ഇത് വെള്ളരിക്കുണ്ട് താലൂക്കിലൂടെ ആകുമ്പോള്‍ മാലക്കല്ല്, കള്ളാര്‍, രാജപുരം, ബളാല്‍, കല്ലംചിറ, വെള്ളരിക്കുണ്ട്, മാലോം, വള്ളിക്കടവ്, കാറ്റാംകവല, ചിറ്റാരിക്കാല്‍ എന്നീ പ്രദേശങ്ങളെല്ലാം ഉള്‍പ്പെടും. പഴയ റൂട്ട് പ്രകാരം മാത്രമേ തങ്ങള്‍ വര്‍ഷങ്ങളായി സ്വപ്‌നംകണ്ട മലയോരഹൈവേ യാഥാര്‍ഥ്യമാക്കാനനുവദിക്കുകയുള്ളൂവെന്നും സര്‍ക്കാര്‍ തീരുമാനം മറിച്ചായാല്‍ വലിയ പ്രക്ഷോഭത്തിലേക്കിറങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പുനല്കുന്നു

More Citizen News - Kasargod