ഭരണസ്ഥിരതയില്ലാതെ വലിയപറമ്പ്‌

Posted on: 21 Aug 2015വലിയപറന്പ്: വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യശക്തിയാണ്. 2010-ലെ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. ഭൂരിപക്ഷംനേടിയിട്ടും അഞ്ചുവര്‍ഷം ഭരിക്കാന്‍ കഴിഞ്ഞില്ല. 13 അംഗ ഭരണസമിതിയില്‍ ഏഴംഗങ്ങളുടെ ഭൂരിപക്ഷവുമായി കോണ്‍ഗ്രസ്സിലെ കെ.സിന്ധു പ്രസിഡന്റായി രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി. പ്രസിഡന്റുപദവി പങ്കിടുന്നത് സംബന്ധിച്ച് നേരത്തേ നല്കിയ ഉറപ്പ് പാലിച്ചില്ലെന്നുകാട്ടി കോണ്‍ഗ്രസ് അംഗം മെട്ടമ്മല്‍ ബേബി കലാപം തുടങ്ങി. സി.പി.എം. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ബേബി സി.പി.എമ്മിനൊപ്പം ചേര്‍ന്നു. നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ പി.ശ്യാമള പ്രസിഡന്റും മെട്ടമ്മല്‍ ബേബി വൈസ് പ്രസിഡന്റുമായി. പിന്നീട് ബേബിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യനാക്കി. ബേബി പ്രതിനിധീകരിച്ച െമട്ടമ്മല്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. ഭരണസമിതിയില്‍ ഭൂരിപക്ഷമായി. എന്നാല്‍, മറ്റൊരു കോണ്‍ഗ്രസ് അംഗമായിരുന്ന കെ.വി.രാമചന്ദ്രന്‍ സി.പി.എം. പക്ഷം ചേര്‍ന്ന് ആവിശ്വാസപ്രമേയവോട്ടെടുപ്പില്‍ വോട്ട് അസാധുവാക്കി. പിന്നീട് അവിശ്വാസപ്രമേയം ചര്‍ച്ചയ്‌കെടുത്തപ്പോള്‍ രാമചന്ദ്രന്‍ മെമ്പര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ കൂട്ടുനിന്നു. ഇതോടെ ഇരുപക്ഷത്തും ആറുപേര്‍ വീതമായി.
1978-ല്‍ സൗത്ത് തൃക്കരിപ്പൂര്‍, ഉദിനൂര്‍, പടന്ന വില്ലേജുകള്‍ മുറിച്ചാണ് വലിയപറമ്പ് പഞ്ചായത്തിന് രൂപംനല്കിയത്. 1981-ല്‍ കോണ്‍ഗ്രസി (എ)ന്റെ പിന്‍ബലത്തില്‍ എല്‍.ഡി.എഫ്. ഭരിച്ചു. 87-ലും 95-ലും യു.ഡി.എഫും 2000-ലും 2005-ലും നറുക്കെടുപ്പലൂടെ എല്‍.പി.എഫും ഭരിച്ചു. പഞ്ചായത്തില്‍ വികസനമുണ്ടാക്കിയെന്ന് എല്‍.ഡി.എഫും യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി ഉദ്ഘാടനവും തറക്കല്ലിടലും മാത്രമാണ് നടന്നതെന്ന് യു.ഡി.എഫും പറയുന്നു.

എല്ലാമേഖലയിലും മുന്നേറ്റം -പി.ശ്യാമള, പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം.
*മത്സ്യത്തൊഴിലാളികള്‍ക്ക് തോണി വിതരണംചെയ്യുന്ന പദ്ധതി നടപ്പാക്കി
*പട്ടികജാതി വിദ്യാര്‍ഥികള്‍!ക്ക് ലാപ്‌ടോപ്പ്, ഫര്‍ണിച്ചര്‍ എന്നിവ വിതരണം ചെയ്തു
*ജൈവകൃഷി പ്രോത്സാഹിപ്പിച്ചു. ഗ്രോബാഗ് വിതരണംചെയ്തു. കാര്‍ഷികസമൃദ്ധി പദ്ധതിക്ക് തുടക്കമിട്ടു
*നികുതിവരുമാനം കുറഞ്ഞിട്ടും വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി
*കുടുംബശ്രീ യൂണിറ്റുകള്‍ക്കായി ക്ഷീരസാഗരംപദ്ധതി തുടങ്ങി
*അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കി
*പഞ്ചായത്തിലെ റോഡ് വികസനത്തിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കി

വികസനം തുടങ്ങാന്‍ എല്‍.ഡി.എഫിനായില്ല
-ഉസ്മാന്‍ പാണ്ട്യാല (മുസ്ലിം ലീഗ്)
*മാടക്കാലില്‍ അനുവദിച്ച സൗജന്യ കടത്തുതോണിയും കടത്തും എല്‍.ഡി.എഫ്. അധികാരമേറ്റതോടെ നിര്‍ത്തലാക്കി.
*വില്ലേജ് ഓഫീസ് നിര്‍മിക്കാന്‍ 40 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചിട്ടും സ്ഥലം കണ്ടെത്താന്‍ ഭരണസമിതിക്കായില്ല.
*രാമന്തളി-പടന്നക്കടപ്പുറം കുടിവെള്ളവിതരണത്തിന് ആവശ്യമായ കിണര്‍, ടാങ്ക് എന്നിവ നിര്‍മിക്കാന്‍ കഴിഞ്ഞില്ല.
*പടന്നക്കടപ്പുറം തൂക്കുപാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുന്നതിനുവേണ്ടത് ചെയ്തില്ല.
*യു.ഡി.എഫ്. ഭരണസമിതി രണ്ടരവര്‍ഷക്കാലം നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചമാത്രമാണ് ഉണ്ടായത്.
*പുതുതായി ഒരു പദ്ധതിയും കൊണ്ടുവരാന്‍ കഴിഞ്ഞില്ല.
രൂപവത്കരണം:
1978
വാര്‍ഡുകള്‍: 13
ജനസംഖ്യ: 12037
വിസ്തൃതി: 16-12 ചതുരശ്രകിലോമീറ്റര്‍
കക്ഷിനില
എല്‍.ഡി.എഫ്.
സി.പി.എം: 6
യു.ഡി.എഫ്.4(നിലവില്‍ 3)
മുസ്ലിം ലീഗ്(3)

More Citizen News - Kasargod