പാല്‍ പരിശോധനയ്ക്കായി കളക്ടറേറ്റില്‍ സംവിധാനമൊരുങ്ങി

Posted on: 21 Aug 2015കാസര്‍കോട്: പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഗുണമേന്മയുള്ള പാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും ജില്ലാ ക്ഷീരവികസന ഓഫീസിന്റെ നേതൃത്വത്തിലുള്ള ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കളക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തനമാരംഭിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം. എച്ച്.ദിനേശന്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളില്‍നിന്ന് മായം കലര്‍ന്ന പാല്‍ ജില്ലയിലേക്ക് ഒഴുകുന്നത് തടയാനാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് പാലിന്റെ സാമ്പിളുമായി സെന്ററിലെത്തി ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താം .
വകുപ്പുദ്യോഗസ്ഥര്‍ എല്ലാ ബ്രാന്‍ഡുകളിലെയും പായ്ക്കറ്റ് പാല്‍, മില്‍മ, ക്ഷീര സംഘങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരില്‍നിന്ന് ശേഖരിക്കുന്ന സാമ്പിളിലും പരിശോധന നടത്തും. പരിശോധനവഴി പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍, അസിഡിറ്റി, പാലില്‍ ചേര്‍ത്തിട്ടുള്ള മായം, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസുകള്‍ തുടങ്ങിയവ കണ്ടുപിടിക്കാനാവും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. പാലില്‍ മായം ചേര്‍ക്കുന്നതിനെപ്പറ്റിയും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും ബോധവത്കരിക്കുന്നതിനുള്ള ലഘുലേഖകളും സെന്ററില്‍ വിതരണം ചെയ്യുന്നുണ്ട്.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ശോഭന അധ്യക്ഷതവഹിച്ചു. ഭക്ഷ്യ സുരക്ഷയും പാലുത്പന്നങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഫുഡ് സേഫ്റ്റി ഓഫീസര്‍ മുസ്തഫ ക്ലാസെടുത്തു. ജില്ലാ ക്ഷീരവികസന ഓഫീസര്‍ അഞ്ജു കുര്യന്‍, ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ സാലി ജോസഫ്, കെ.വി.കുഞ്ഞപ്പു, കാസര്‍കോട്‌ െഡയറി ഫാം ഇന്‍സ്ട്രക്ടര്‍ വി.മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod