മോക്‌പോളിങ്ങില്‍ 351 പേര്‍ വോട്ട് രേഖപ്പെടുത്തി

Posted on: 21 Aug 2015മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ബ്ലോക്ക്- ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും കളക്ടറും ഉള്‍പ്പെടെ 351 പേര്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മാതൃകാവോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യാഴാഴ്ച രാവിലെ 11 മുതല്‍ രണ്ടുമണിവരെയായിരുന്നു വോട്ടെടുപ്പ്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറയാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഷ്‌റഫ് ജഹാനും വോട്ടുചെയ്തു. ജില്ലാ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥനായ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ മോക്‌പോള്‍ ചെയ്തു. രണ്ട് ബൂത്തുകളിലായാണ് മോക് വോട്ടെടുപ്പ് നടത്തിയത്. 351 പേര്‍ വോട്ടുചെയ്തു. 193 പുരുഷന്മാരും 158 സ്ത്രീകളും ആണ് വോട്ട് രേഖപ്പെടുത്തിയത്. ഒന്നാംബൂത്തില്‍ ഗ്രാമപ്പഞ്ചായത്തിനുചെയ്ത 178 വോട്ട് ചെയ്തതില്‍ ഒരെണ്ണവും ബ്ലോക്ക് പഞ്ചായത്തില്‍ രണ്ടും ജില്ലാ പഞ്ചായത്തില്‍ അഞ്ചും വോട്ടുകള്‍ അസാധുവായി. രണ്ടാംബൂത്തില്‍ 173 പേര്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമപ്പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും രണ്ടുവീതവും ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നുവോട്ടുകളും അസാധുവായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായി ജോയിന്റ് സെക്രട്ടറിമാരായ ഈപ്പന്‍ ഫ്രാന്‍സിസ്, സി.രാധാകൃഷ്ണ കുറുപ്പ്, അഡീഷണല്‍ സെക്രട്ടറി എസ്.സെലിന്‍ എന്നിവര്‍ മുഴുവന സമയവും മോക്‌പോള്‍ നിരീക്ഷിച്ചു. ഇലക്ഷന്‍ െഡപ്യൂട്ടി കളക്ടര്‍ ഡോ. എം.സി.റിജിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മോക്‌പോളിന് നേതൃത്വം നല്കി.
കുടുംബശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, നാട്ടുകാര്‍ തുടങ്ങി എല്ലാവിധ തലങ്ങളിലുമുളളവര്‍ മാതൃകാവോട്ടെടുപ്പില്‍ പങ്കാളികളായി. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് മോക് പോളിംഗ് നടത്തിയത്.

More Citizen News - Kasargod