ഉറഞ്ഞാടുന്ന ദൈവങ്ങളായി അരങ്ങത്ത്; പക്ഷേ, അവര്‍ക്കുമുണ്ട് ദാരിദ്ര്യത്തിന്റെ കണ്ണീര്‍ക്കഥ

Posted on: 21 Aug 2015


ഇ.വി.ജയകൃഷ്ണന്‍കാഞ്ഞങ്ങാട്: കനലെരിയുന്ന തീക്കൂനയിലേക്ക് എടുത്തുചാടിയും കാരമുള്ളില്‍ വീണുരുണ്ടും പീഠത്തിനുമുകളില്‍ക്കയറി ഒറ്റക്കാലില്‍ നിലയുറപ്പിച്ചും ഭക്തരുടെ മനസ്സില്‍ ഭയവും ദൈവികചിന്തയും ഉണര്‍ത്തിയേഴുന്നേല്പിക്കുന്ന എത്രയെത്ര തെയ്യങ്ങള്‍. ദൈവികതയ്ക്കപ്പുറം ഇത്തരം വേഷങ്ങളെല്ലാം കെട്ടി ഇങ്ങനെ ആടി ത്തിമര്‍ക്കുന്നവരെക്കുറിച്ച് ആരെങ്കിലും കൂടുതല്‍ ചിന്തിച്ചിട്ടുണ്ടോ.
സ്വന്തം ജീവിതം പോലും ദൈവത്തിനുമുമ്പില്‍ സമര്‍പ്പിക്കുന്നവര്‍. കാവുകള്‍ താണ്ടിയുള്ള ചുവടുവെപ്പ്. എല്ലാത്തിനുമൊടുവില്‍ ഇടവപ്പാതിയില്‍ അവരെല്ലാം വീടണയും. അത്രയും ദിവസം കിട്ടിയതെല്ലാം പെറുക്കിക്കൂട്ടി എണ്ണിനോക്കും. ഏറിവന്നാല്‍ ഒരുമാസം, അല്ലെങ്കില്‍ ഒന്നരമാസം, അത്രയും നാള്‍ കഴിയാനുള്ളതേ അതുകൊണ്ടാകൂ. ഇടവപ്പാതിയില്‍ കളിയാട്ടഭൂമിയില്‍നിന്ന് പടിയിറങ്ങുന്നവര്‍ കര്‍ക്കടകത്തിനുമുമ്പെ പട്ടിണിയിലാകുമെന്നര്‍ഥം.
കര്‍ക്കടകത്തില്‍ മുണ്ടുമുറുക്കിയുടുക്കന്നതൊക്കെ പഴയകാലം എന്നുപറയാന്‍ വരട്ടെ. ഇവിടയുണ്ട് കോലത്തുനാട്ടിലും അള്ളടനാട്ടിലുമായി നാലായിരത്തിലേറെ പേര്‍. സ്ഥാനികര്‍, തെയ്യംകാലാകാരന്മാര്‍ എന്നീ ഗണത്തില്‍പ്പെടുന്നവരുടെ വീടുകളിലെത്തിയാല്‍ പട്ടിണിനാളുകളെന്തെന്ന് മനസ്സിലാകും. അവരുടെ അടുപ്പ് പുകയാത്തത് നേരില്‍ കാണാനുമാകും. ഇവരുടെ സങ്കടം നേരിട്ടുകണ്ട മന്ത്രിയായിരുന്നു കെ.സി.വേണുഗോപാലും കടന്നപ്പള്ളി രാമചന്ദ്രനും. ഇരുവരും ദേവസ്വം മന്ത്രിയായപ്പോള്‍ ഈ വിഭാഗക്കാരുടെ സങ്കടം കുറച്ചെങ്കിലും ഒപ്പാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് ക്ഷേത്രസ്ഥാനികര്‍ക്കും തെയ്യംകലാകാരന്‍മാര്‍ക്കും ക്ഷേമപദ്ധതി അനുവദിച്ചത്.
2006-ലാണ് പദ്ധതി നടപ്പാക്കിയത്. അന്ന് 550 രൂപ പ്രകാരം 800 സ്ഥാനികര്‍ക്ക് നല്കി. പിന്നീട് 2100 പേരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ 60 വയസ്സു തികഞ്ഞ തെയ്യംകലാകാരന്‍മാരുമുള്‍പ്പെടും. തുക 800 രൂപയാക്കുകയും ചെയ്തു. ഇപ്പോള്‍ ഏഴുമാസമായി പണം കിട്ടിയിട്ട്. കര്‍ക്കടകവും ചിങ്ങവും കന്നിയുമെല്ലാം തങ്ങള്‍ക്ക് പട്ടിണി തന്നെയാണ്. ഇനി തുലാപ്പത്ത് ആകണം. അപ്പോഴേ കളിയാട്ട വിളക്കുണരൂ -സ്ഥാനികരും കോലധാരികളും പറയുന്നു. ഇതിനിടയില്‍ കുടിശ്ശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഓണത്തിനെങ്കിലും ഇവര്‍ക്ക് വയറുനിറച്ചുണ്ണാം.
3,000 രൂപ പ്രതിമാസം കൊടുക്കണമെന്നാണ് സംയുക്ത ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ക്ഷേമപദ്ധതിയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നുമില്ല. ഇത്തരത്തില്‍ രണ്ടായിരത്തിലേറെപേര്‍ പദ്ധതിക്ക് പുറത്തുണ്ട്. പട്ടികയിലുള്‍പ്പെട്ടവര്‍ ആരെങ്കിലും മരിച്ചാല്‍ അവരുടെ പിന്‍ഗാമിയായെത്തുന്നവരെയും പദ്ധതിയിലുള്‍പ്പെടുത്തുന്നില്ല. ഉഗ്രമൂര്‍ത്തിയായും ശാന്തസ്വരൂപനായും ദൈവത്തിനുമുമ്പില്‍ ഉറഞ്ഞാടുമ്പോള്‍ ആ കണ്ണുകളില്‍ തെളിയുന്ന ചൈതന്യത്തെ കണ്ടെങ്കിലും ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ഭക്തജനത്തിന്റെ ആവശ്യം. സ്ഥാനികരുടെയും കോലധാരികളുടെയും ക്ഷേമപദ്ധതി ആനുകൂല്യം വരധിപ്പിക്കാന്‍വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് പലതവണ അധികാരികള്‍ ഉറപ്പുനല്കിയിട്ടുണ്ടെന്ന് ഉത്തരമലബാര്‍ സംയുക്ത ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് രാജന്‍ പെരിയ, ജനറല്‍സെക്രട്ടറി വി.സി.നാരായണന്‍ എന്നിവര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്നതടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനാണ് ഇവരുടെ തീരുമാനം.

More Citizen News - Kasargod