ഓണക്കോടി; വില്പനമേളകളുമായി ഖാദി-കൈത്തറി സംഘങ്ങള്‍

Posted on: 21 Aug 2015കാസര്‍കോട്: പുതുവസ്ത്രങ്ങള്‍ ഇല്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. വസ്ത്രങ്ങളുടെ മഹനീയ ശേഖരങ്ങളുമായി കച്ചവടസ്ഥാപനങ്ങള്‍ ഒരുങ്ങിയപ്പോള്‍ വിപണിയും ഉഷാറായിക്കഴിഞ്ഞു. വിലക്കുറവ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാണ് പല സ്ഥാപനങ്ങളുടെയും കച്ചവടം. ഇപ്പോളിതാ ഓണവിപണിയിലെ താരമാണ് ഖാദി-കൈത്തറി ഉത്പന്നങ്ങള്‍.
പയ്യന്നൂര്‍ ഫര്‍ക്ക ഖാദി സംഘത്തിന്റെ തനത് ഉത്പന്നമായ മനില തുണിത്തരങ്ങള്‍, ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ സമ്മര്‍കൂള്‍ ഷര്‍ട്ടുകള്‍, കാസര്‍കോട് സാരീസ്, ഹാന്‍വീവ്, ചിറക്കല്‍ വീവേഴ്‌സ് സൊസൈറ്റി എന്നിവയുടെ വസ്ത്രങ്ങളാണ് ഇപ്പോള്‍ ഓണംവിപണിയില്‍ താരങ്ങളായിട്ടുള്ളത്.
കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്താണ് പയ്യന്നൂര്‍ ഫര്‍ക്ക ഗ്രാമോദയ ഖാദിസംഘത്തിന്റെ മേളയുള്ളത്. വ്യത്യസ്തനിറങ്ങളിലെ മനില ചെക് ഷര്‍ട്ട് പീസുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൂടാതെ സാരികള്‍, മുണ്ടുകള്‍, കുര്‍ത്തകള്‍ തുടങ്ങിയവയും മേളയിലുണ്ട്. ഗ്രാമവ്യവസായ ഉത്പന്നങ്ങളും മേളയിലുണ്ട്.
കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ്, ജില്ലാ ബാങ്കിന് സമീപം എന്നിവിടങ്ങളില്‍ ഹാന്‍വീവ് മേളകള്‍ നടക്കുന്നുണ്ട്. ഓക്‌സ്‌ഫോര്‍ഡ് ഷര്‍ട്ടിങ്ങുകള്‍, ലിനന്‍ ഷര്‍ട്ടിങ്, പരമ്പരാഗത സാരികള്‍, സെറ്റ് മുണ്ട് എന്നിവയ്ക്ക് ഇത്തവണയും ആവശ്യക്കാരേറെയാണ്.
പഴയ ബസ്സ്റ്റാന്‍ഡില്‍ കാസര്‍കോട് സാരീസിലെ ഔട്ട്‌ലെറ്റിലും ഇപ്പോള്‍ ഓണത്തോടനുബന്ധിച്ച് റിബേറ്റിനത്തില്‍ സാരികളും മറ്റ് ഉത്പന്നങ്ങളും വില്പനയ്ക്കുണ്ട്. ഖാദി-ഗ്രാമവ്യവസായ ബോര്‍ഡിന്റെ വിവിധ ഔട്ട്‌ലെറ്റുകളില്‍ ഓണവില്പന തകൃതിയാണ്. മാവുങ്കാല്‍ ആനന്ദാശ്രമം റോഡിലുള്ള ഖാദി ഗ്രാമസൗഭാഗ്യയില്‍ ഒരുക്കിയ ഖാദി ഓണംമേളയില്‍ സമ്മര്‍കൂള്‍ ഷര്‍ട്ടും മില്ലേനിയം ഷര്‍ട്ടും ആണ് താരങ്ങള്‍. 400 രൂപ മുതല്‍ 650 രൂപവരെയാണിതിന്റെ വില. പരുത്തിവസ്ത്രത്തിന്റെ അതേ ഗുണം പ്രദാനംചെയ്യുന്നതാണീ ഷര്‍ട്ടുകള്‍. ഈ പ്രത്യേകതയാണ് ഇതിനെ ഉപഭോക്താക്കളുടെ പ്രിയങ്കരനാക്കി മാറ്റുന്നത്. ഷര്‍ട്ടിനു പുറമെ ഷര്‍ട്ട്പീസ്, മുണ്ട്, ദോത്തി, ബെഡ്ഷീറ്റ്, സില്‍ക്ക്‌സാരി തുടങ്ങിയവയും മേളയില്‍ ലഭ്യമാണ്.
ഗ്രാമവ്യവസായ ഉത്പന്നങ്ങളായ തേന്‍, സ്റ്റാര്‍ച്ച്, മണ്‍പാത്രം, സോളാര്‍ വിളക്ക് എന്നിവയും മേളയ്ക്ക് കമനീയതപകരുന്നു. സ്ത്രീകളുടെ മനംകവരാന്‍ 125 രൂപ വിലയുള്ള മൈലാട്ടി പട്ട് സാരിയും മേളയിലുണ്ട്.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് 25,000 രൂപയുടെ െക്രഡിറ്റ് പര്‍ച്ചേസ് സൗകര്യവും മേളയില്‍ ലഭിക്കും.

More Citizen News - Kasargod