എന്‍ഡോസള്‍ഫാന്‍രോഗികള്‍ക്ക് 108 വീട്: സായിപ്രസാദം പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും

Posted on: 21 Aug 2015കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ജില്ലയിലെ 108 കുടുംബത്തിന് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മിച്ചുനല്കുന്ന സായിപ്രസാദം പദ്ധതി വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
രാവിലെ എട്ട് മണിക്ക് കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, പി.കരുണാകരന്‍ എം.പി. എന്നിവര്‍ സംബന്ധിക്കും.
പുല്ലൂര്‍-പെരിയ, കിനാനൂര്‍-കരിന്തളം, എന്‍മകജെ പഞ്ചായത്തുകളിലായി 36 വീതം കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ചുനല്കുക. 10 കോടി രൂപയാണ് എസ്റ്റിമേറ്റ്. സത്യസായി ബാബയുടെ ജന്മദിനമായ നംവംബര്‍ 23-ന് മൂന്നു വീടുകളുടെ താക്കോല്‍ദാനം നടത്തും. സംസ്ഥാനസര്‍ക്കാര്‍ ഓരോ കുടുംബത്തിനും അനുവദിക്കുന്ന പത്തുസെന്റ് സ്ഥലത്ത് 500 ചതുരശ്രഅടിയുള്ള വീടാണ് ട്രസ്റ്റ് നിര്‍മിച്ചുനല്കുന്നത്. പദ്ധതിക്ക് യു.എന്‍. അംഗീകാരം ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
വീടുകളോടുചേര്‍ന്ന് കുട്ടികളുടെ പാര്‍ക്ക്, ഹെല്‍ത്ത് ക്ലൂനിക്, മിനി തീയറ്റര്‍, സായി ബാലഭവന്‍ തുടങ്ങിയ സൗകര്യങ്ങളുമൊരുക്കി 'സത്യസായിഗ്രാമ'മെന്ന പേരില്‍ മിനി ടൗണ്‍ഷിപ്പ് ആക്കാനാണ് ലക്ഷ്യമിടുന്നതെന്നും സത്യസായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, ദാമോദരന്‍ന്‍ ആര്‍ക്കിടെക്ട്, അഡ്വ. മധു, ഹസൈനാര്‍ ഹാജി, സി. വി.രമേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

More Citizen News - Kasargod