കുട്ടികളുടെ മനംകവര്‍ന്ന് കഥക്

Posted on: 20 Aug 2015ചെറുവത്തൂര്‍: കുട്ടികളുടെ മനംകവര്‍ന്ന് വിദ്യാലയവേദിയില്‍ കഥക് നൃത്തം. ക്ലാസിക്കല്‍ കലകളോട് കുട്ടികളില്‍ അഭിരുചിയുണ്ടാക്കുന്നതിന്റെ ഭാഗമായി സ്​പിക് മാക്കെയുടെ നേതൃത്വത്തില്‍ ഒന്നരമണിക്കൂര്‍ നീളുന്ന കഥക് നൃത്തപരിപാടി സോദാഹരണസഹിതമാണ് അവതരിപ്പിക്കുന്നത്.
സംസ്ഥാനത്ത് 40 വേദികളില്‍ കഥക് അവതരിപ്പിക്കും. ജില്ലയില്‍ പനയാല്‍ യു.പി. സ്‌കൂളിലും പിലിക്കോട് ഗവ. യു.പി. സ്‌കൂളിലും ബുധനാഴ്ച കൊല്‍ക്കത്തക്കാരി ദേബ് ജയ സര്‍ക്കാരും സംഘവും കഥക് നൃത്തം അവതരിപ്പിച്ചു.
വ്യാഴാഴ്ച കരിവെള്ളൂരിലും ചിറക്കലിലും നൃത്തം അവതരിപ്പിക്കും. സ്​പിക് മാക്കെ സംസ്ഥാനത്ത് 1000 വിദ്യാലയ വേദികളില്‍ കഥകളി അവതരിപ്പിച്ചതിന് പിന്നാലെയാണ് കഥക് നൃത്തവുമായെത്തിയത്. കോ ഓര്‍ഡിനേറ്റര്‍ കെ.രമേഷ്ബാബുവാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ഉത്തരേന്ത്യന്‍ കലാസൃഷ്ടികള്‍ക്ക് കേരളത്തില്‍ നല്ല സ്വീകാര്യതയാണ് കിട്ടുന്നതെന്ന് രമേഷ് ബാബു പറഞ്ഞു.

More Citizen News - Kasargod