ഓണ്‍ലൈന്‍ തട്ടിപ്പ്: ഓര്‍ഡര്‍ നല്കിയത് വസ്ത്രങ്ങള്‍ക്ക്; കിട്ടിയത് പഴയ പുസ്തകങ്ങള്‍

Posted on: 20 Aug 2015പൊയിനാച്ചി: ഓണ്‍ലൈനിലൂടെ വസ്ത്രങ്ങള്‍ക്ക് ഓര്‍ഡര്‍നല്കിയ യുവാവിന് കിട്ടിയത് പഴയ പുസ്തകങ്ങള്‍.
പൊയിനാച്ചിയിലെ മൊബൈല്‍ കടയുടമ വിനോദ് വലിയ വീടാണ് കബളിപ്പിക്കപ്പെട്ടത്. യെപ്പ് മി ഡോട്ട് കോമിലൂടെ ഒരു റെഡിമെയ്ഡ് ഷര്‍ട്ടിനും പാന്റിനും ആഗസ്ത് നാലിനാണ് വിനോദ് ഓര്‍ഡര്‍ നല്കിയത്.
ബുധനാഴ്ച ചട്ടഞ്ചാലിലെ തെക്കില്‍ പോസ്റ്റോഫീസില്‍ 1477 രൂപ നല്കി സ്​പീഡ് പോസ്റ്റ് ക്യാഷ് ഓണ്‍ ഡെലിവറിയിലൂടെ ലഭിച്ച പാഴ്‌സല്‍ തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
ഗുഡ്ഗാവിലെ ഗ്രോത്ത് വെയ്‌സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആഗസ്ത് ആറിനാണ് പാര്‍സല്‍ അയച്ചത്. സാധനം പരിശോധിച്ചയച്ചതിന്റെ ബില്ലും ഒപ്പമുണ്ട്. 640 ഗ്രാം തൂക്കമുള്ള വസ്ത്രത്തിന്റെ നിറം ഉള്‍പ്പെടെ ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൂക്കം കൃത്യതവരുത്താന്‍ ലഭിച്ച പുസ്തകത്തിലെ പേജുകള്‍ മുറിച്ചെടുത്ത നിലയിലാണ്. പലപ്പോഴായി ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരനുഭവം ആദ്യമാണെന്ന് വിനോദ് പറഞ്ഞു.

More Citizen News - Kasargod