ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖം നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Posted on: 20 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖം 21-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. ഫിഷറീസ് മന്ത്രി കെ.ബാബു അധ്യക്ഷതവഹിക്കും. കാവുഞ്ചിറയിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഏറെ പ്രയോജനമാകുന്ന തുറമുഖം പണിപൂര്‍ത്തിയാക്കിയത്. ഉദ്ഘാടനത്തിനായുള്ള ഒരുക്കം പൂര്‍ത്തിയായതായി ഭാരവഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കാനുള്ള പദ്ധതിക്ക് 2011-ല്‍ അന്നത്തെ ഫിഷറീസ് മന്ത്രി എസ്.ശര്‍മയാണ് തറക്കല്ലിട്ടത്. നാലുവര്‍ഷമെടുത്താണ് പണിപൂര്‍ത്തിയാക്കിയത്.
തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതോടേ മത്സ്യബന്ധന മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തീരപ്രദേശം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായധനത്തോടെയാണ് ചെറുവത്തൂര്‍ മത്സ്യബന്ധനതുറമുഖം യാഥാര്‍ഥ്യമാക്കിയത്. 29.06 കോടി രൂപ ഇതിനായി ചെലവഴിച്ചു.
തുറമുഖം ഉദ്ഘാടനംചെയ്യുന്നതോടെ ആയിരംപേര്‍ക്ക് നേരിട്ടും നാലായിരംപേര്‍ക്ക് അനുബന്ധമായും തൊഴില്‍ലഭിക്കും. ഒരേസമയം മുന്നൂറിലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇവിടെ നങ്കൂരമിടാനുള്ള സൗകര്യവും ഫൈബര്‍ബോട്ടുകള്‍, പരമ്പരാഗത തോണികള്‍ എന്നിവയ്ക്ക് നങ്കൂരമിടാനുള്ള സൗകര്യവും ലഭിക്കും. ലേലപ്പുര, കാന്റീന്‍, അനുബന്ധകടകള്‍, വര്‍ക്ക് ഷോപ്പ്, ഗിയര്‍ ഷെഡ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയം, വിശ്രമഷെഡ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓവുചാലുകള്‍, മാലിന്യ ശേഖരണത്തിന് പ്രത്യേക സംഭരണികള്‍, കുടിവെള്ളസൗകര്യം എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായി. അഞ്ചേക്കറോളം സ്ഥലത്താണ് തുറമുഖവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. ഹാര്‍ബറിലേക്കെത്താന്‍ റോഡ്, വാഹനനിയന്ത്രണത്തിന് ഗെയിറ്റ്, വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ളസൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിനെത്തുന്ന മുഖ്യന്ത്രിയെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കം നടത്തിയിട്ടുണ്ടെന്നും സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., മുഹമ്മദ് അഷ്‌റഫ്, എം.രാജീവന്‍, മുനമ്പത്ത് ഗോവിന്ദന്‍, എ.എ.റഹീം ഹാജി, കെ.ബാലകൃഷ്ണന്‍, വി.നാരായണന്‍, പി.വി.കൃഷ്ണന്‍, ഖലീല്‍, എം.കെ.ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod