ക്ഷേത്രങ്ങള്‍ തമ്മിലുള്ള 12 വര്‍ഷത്തെ തര്‍ക്കം പരിഹരിച്ചു; പ്രതീകാത്മകമായി 12 വൃക്ഷത്തൈകള്‍ നട്ടു

Posted on: 20 Aug 2015മടിക്കൈ: രണ്ട് ക്ഷേത്രങ്ങള്‍ തമ്മിലുള്ള 12 വര്‍ഷത്തെ തര്‍ക്കം പരിഹരിച്ചു. പ്രതീകാത്മകമായി ക്ഷേത്രവളപ്പില്‍ 12 വൃക്ഷത്തൈകള്‍ നട്ടു.
മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്രവും പയ്യന്നൂര്‍ കണ്ടങ്കാളി കാരളിക്കര കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രവും തമ്മിലുള്ള തര്‍ക്കമാണ് രമ്യതയിലെത്തിയത്.
പൂരോത്സവകാലത്ത് നാദക്കോട്ട് കഴകത്തില്‍ മറത്തുകളി അവതരിപ്പിക്കുന്നതിനിടെയുണ്ടായ അസ്വാരസ്യങ്ങളാണ് പിണക്കത്തിന് കാരണമായത്.
യാദവ സമുദായത്തില്‍പ്പെട്ട ഇരുക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം തുടര്‍ന്ന് നിലച്ചു. രണ്ട് കഴകങ്ങളിലും അടുത്തിടെ സ്വര്‍ണപ്രശ്‌നത്തിനിടെ ഉയര്‍ന്ന പരിഹാര നിര്‍ദേശങ്ങളില്‍ നിന്നാണ് തര്‍ക്കപരിഹാരത്തിന്റെ തുടക്കം.
ചേറമ്പത്ത് നാരായണന്‍ അന്തിത്തിരിയന്‍, ക്ഷേത്ര ഭാരവാഹികളായ മനോജ് കണ്ടങ്കാളി, രാമചന്ദ്രന്‍ കണ്ടോത്ത്, കൃഷ്ണന്‍ കോട്ടൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാദക്കോട്ടെത്തിയ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്ര സംഘം പരിഹാരക്രിയകള്‍ക്ക് ശേഷം ക്ഷേത്ര വളപ്പില്‍ ഉരുപ്പ്, വേപ്പ് ഇനത്താല്‍ പെട്ട 12 വൃക്ഷത്തൈകള്‍ നട്ടാണ് ഒരു വ്യാഴവട്ടക്കാലത്തെ തര്‍ക്കത്തിന് പരിഹാരമായത്.
പുലിക്കോടന്‍ രാഘവന്‍ അന്തിത്തിരിയന്‍, കണ്ണോത്ത് കുഞ്ഞിരാമന്‍ കോമരം, പെരിയടത്ത് നാരായണന്‍ കൊടക്കാരന്‍, കഴകം പ്രസിഡന്റ് പനക്കൂല്‍ കൃഷ്ണന്‍, സെക്രട്ടറി വി. ഗോപി, മറ്റ് ഭാരവാഹികളായ പുലിക്കോടന്‍ ശ്രീധരന്‍ മാസ്റ്റര്‍, മടിക്കൈ വി.ഗോപാലകൃഷ്ണ പണിക്കര്‍, പി.ശേഖരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു.
സജിത് പണിക്കര്‍ കുറ്റൂര്‍, കമലാക്ഷന്‍ പണിക്കര്‍ തൃക്കരിപ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അടുത്ത പൂരോത്സവ കാലത്ത് ഇരു ക്ഷേത്രങ്ങളും തമ്മില്‍ മറത്തുകളി നടത്താനും തീരുമാനിച്ചു.
നാദക്കോട്ട് ഭഗവതി കഴകം പ്രതിനിധികള്‍ കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിലും എത്തി പരിഹാരക്രിയകള്‍ നടത്തി.

More Citizen News - Kasargod