മടിക്കൈയില്‍ മുന്നേറ്റമെന്ന് ഭരണപക്ഷം; വിവേചനഭരണമെന്ന് പ്രതിപക്ഷം

Posted on: 20 Aug 2015മടിക്കൈ: ജന്മി-നാട്ടുവാഴിത്ത-വൈദേശികാധിപത്യത്തിനെതിരെ സംഘടിതമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്ന മലബാറിലെ ഗ്രാമങ്ങളിലൊന്നാണ് മടിക്കൈ. സി.പി.എം. കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മടിക്കൈയില്‍ പഞ്ചായത്ത് ഭരണം തുടര്‍ച്ചയായി കൈയാളുന്നത് സി.പി.എം. നേതൃത്വത്തിലുള്ള മുന്നണിയാണ്.
അഞ്ചുവര്‍ഷംകൊണ്ട് എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കിയെന്നാണ് ഭരണസമിതി പറയുന്നത്. ഭൂമി ജന്‍സംവര്‍ധന്‍ അവാര്‍ഡ്, സ്വരാജ് പുരസ്‌കാരം, പ്രകൃതിസംരക്ഷണ അവാര്‍ഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മഹാത്മാ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരവും മികച്ച പദ്ധതിപ്രവര്‍ത്തനത്തിന് ലഭിച്ചിട്ടുണ്ട്. 16,713 വോട്ടര്‍മാരാണുള്ളത്. പഞ്ചായത്തിലെ 15 അംഗ ഭരണസമിതിയില്‍ ബി.ജെ.പി. ഏകാംഗ പ്രതിപക്ഷമാണ്. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സി.പി.എം. രാഷ്ട്രീയവിവേചന ഭരണമാണ് നടത്തിയതെന്ന് പ്രതിപക്ഷ അംഗം കുണ്ടുതിടില്‍ ശോഭന കുറ്റപ്പെടുത്തി.
പഞ്ചായത്ത് കെട്ടിടത്തിന്റെ അവസ്ഥ ദയനീയമാണ്. പഞ്ചായത്ത് കെട്ടിടവും മീറ്റിങ് ഹാളും പണിതിട്ട് ചുരുങ്ങിയകാലമേ ആയിട്ടുള്ളൂ. ചോര്‍ച്ചകൊണ്ട് മഴക്കാലത്ത് ഉള്ളില്‍ കടക്കാന്‍കഴിയാത്ത അവസ്ഥയാണ് -പ്രതിപക്ഷാംഗം ആരോപിച്ചു.
രൂപവത്കരണം: 1950
ജനസംഖ്യ: 22,050
വിസ്തീര്‍ണം: 51.8 കി.മീ.
കക്ഷിനില
സി.പി.എം-13
സി.പി.ഐ-1
ബി.ജെ.പി-1
സമസ്തമേഖലകളിലും മുന്നേറ്റം -എസ്. പ്രീത (പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം.)
*അവിദഗ്ധ കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്തി.
*വിവിധതരത്തിലുള്ള ഉത്പാദനവര്‍ധന പരിപാടികള്‍ നടപ്പിലാക്കിയതോടെ നീര്‍ത്തടത്തിലെ ഭക്ഷ്യകാര്‍ഷികോത്പാദനം കൂടുകുയം കൃഷിയോടുള്ള താത്പര്യം വര്‍ധിക്കുകയുംചെയ്തു.
*3,12,45,387 രൂപ ചെലവുചെയ്ത് പശ്ചിമഘട്ടവികസന പദ്ധതികള്‍ നടപ്പാക്കി.
*വിദ്യാര്‍ഥികള്‍ക്ക് സമഗ്രവും നൂതനവുമായ വിദ്യാഭ്യാസപദ്ധതി നടപ്പാക്കി.
*ആരോഗ്യമേഖലയില്‍ പാലിയേറ്റീവ് പദ്ധതി കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മയോടെ നടപ്പാക്കി.
*കുടിവെള്ളക്ഷാമത്തിന് ഏഴുകോടിയുടെ പദ്ധതിക്ക് തുടക്കമിട്ടു.
*എസ്.സി., എസ്.ടി. മേഖലകളില്‍ കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 'മുന്നേറ്റം' പദ്ധതി നടപ്പാക്കി.
അടിസ്ഥാനമേഖലയില്‍ വികസനമില്ല -കുണ്ടുതിടില്‍ ശോഭന (പ്രതിപക്ഷാംഗം, ബി.ജെ.പി.)
*നിര്‍മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്തില്‍ പാവപ്പെട്ടവര്‍ക്ക് കക്കൂസ് സൗകര്യംപോലുമില്ല.
*വികസനമെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഓഹരിവെക്കലില്‍ ഒതുങ്ങി.
*കുടിവെള്ള പദ്ധതികള്‍ മിക്കതും പരാജയപ്പെട്ടു.
*മടിക്കൈയിലെ ഒട്ടേറെ പ്രദേശങ്ങളില്‍ റോഡുപോലുമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നു.
*പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനപ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല.
*പശ്ചാത്തലമേഖലയില്‍ പ്രതിപക്ഷ വാര്‍ഡിനെ അവഗണിക്കുകയാണ്.

More Citizen News - Kasargod