കാഞ്ഞങ്ങാടിന് തണല്‍മരങ്ങളില്ലാത്ത ഓണം വഴിയോരകച്ചവടം പൊരിവെയിലത്ത്‌

Posted on: 20 Aug 2015കാഞ്ഞങ്ങാട്: നഗരത്തിലെ തണല്‍മരങ്ങളുടെ തണലിലും കുളിര്‍മയിലും ഓണക്കച്ചവടം നടത്താനെത്തിയ മറുനാടന്‍ കച്ചവടക്കാര്‍ ഇക്കുറി പൊരിവെയിലത്തായി. നഗരത്തിലെ കൂറ്റന്‍ വാക, ആല്‍മര ചുവടുകളിലായിരുന്നു മുമ്പ് ഓണക്കച്ചവടം പൊടിപൊടിച്ചിരുന്നത്. മടിനിറയെ പണമുള്ളവര്‍ക്കുമാത്രം കയറാവുന്ന നഗരത്തിലെ ശീതീകരിച്ച വസ്ത്രാലയങ്ങളെക്കാള്‍ തിരക്ക് വഴിയോരങ്ങളിലായിരുന്നു.
കെ.എസ്.ടി.പി. റോഡ് പദ്ധതിക്കായി നഗരത്തിലെ തണല്‍മരങ്ങളില്‍ ഓരോന്നിനായി കോടാലി വീണുതുടങ്ങിയതോടെയാണ് വഴിയോരക്കച്ചവടം പൊരിവെയിലത്തായത്. കോട്ടച്ചേരി ജീപ്പ് സ്റ്റാന്‍ഡിന് സമീപത്തെ തിരക്കൊഴിഞ്ഞ കൂറ്റന്‍ ആല്‍മരത്തണലിലായിരുന്നു പ്രധാനമായും വഴിയോരക്കച്ചവടം പൊടിപൊടിച്ചിരുന്നത്. ഇന്നിപ്പോള്‍ ശാഖകള്‍ മുറിച്ചുമാറ്റിയ ആല്‍മരത്തിന്റെ തായ്തടി മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍സംസ്ഥാനങ്ങള്‍ക്കുപുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഇവിടെ കച്ചവടത്തിനെത്തുന്നുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാത്രങ്ങള്‍, പൂക്കള്‍, ഇലക്ട്രോണിക് സാധനങ്ങള്‍ എന്നുവേണ്ട കടകളില്‍ കിട്ടുന്ന ഒട്ടുമിക്ക സാധനങ്ങളും ഓണക്കാലത്ത് തെരുവോരത്ത് ലഭിക്കുന്നുണ്ട്. വിലക്കുറവിനുപുറമെ വിലപേശിവാങ്ങാനുള്ള സ്വാതന്ത്ര്യവും നാട്ടുകാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.
ചാറ്റല്‍മഴ നനഞ്ഞും വെയിലുകൊണ്ടും സമ്പാദിക്കുന്ന കച്ചവടലാഭത്തില്‍ മനസ്സ് നിറഞ്ഞാണ് രണ്ടാഴ്ചക്കാലത്തെ ഓണക്കച്ചവടവും കഴിഞ്ഞ് ഇവര്‍ മടങ്ങാറ് പതിവ്. അത്തംനാളിലെ പൊരിവെയില്‍ കാരണം ഓണം കറുത്തുപോകുമോ എന്ന ആശങ്കയാണ് മറ്റ് കച്ചവടക്കാര്‍ക്ക്.

More Citizen News - Kasargod