കളിയാട്ടച്ചമയങ്ങള്‍ക്ക് അണിയറയില്‍ ഒരു പണിയാല

Posted on: 20 Aug 2015അന്നൂര്: ഉത്തര കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തെയ്യങ്ങള്‍ ഭക്തജന സഹസ്രങ്ങള്‍ക്ക് ഭക്തിയും ആനന്ദവും നിര്‍വൃതിയും നല്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളും ആടയാഭരണങ്ങളുമാണ് തെയ്യക്കോലത്തിന്റെ മാറ്റ് കൂട്ടുന്നത്. കളിയാട്ടക്കാലത്തിന്റെ ഇടവേളകളില്‍ തെയ്യക്കോലങ്ങള്‍ക്ക് ആവശ്യമായ ആടയാഭരണങ്ങളും മറ്റും ഉണ്ടാക്കുന്നതിന് കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. വളരെയേറെ ക്ഷമയും ശ്രദ്ധയും വേണ്ട ഈ മേഖലയിലേക്ക് ഇളമുറക്കാര്‍ കടന്നുവരുന്നത് കുറവാണ്. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍നിന്ന് അപൂര്‍വം കലാകാരന്മാര്‍മാത്രമെ അരങ്ങത്തും അണിയറയിലും ഒരേ ഉത്സാഹത്തോടെ നിലകൊള്ളുന്നുള്ളൂ. കുഞ്ഞുനാള്‍മുതല്‍ തെയ്യക്കോലങ്ങളെ മനസ്സില്‍ ആവാഹിച്ച് കുടിയിരുത്തിയ അന്നൂരിലെ മധു പണിക്കര്‍, ആലക്കാട്ട് ബാബു പണിക്കര്‍, വെള്ളൂരിലെ നിജില്‍, എളമ്പച്ചിയിലെ കൃഷ്ണകുമാര്‍ എന്നിവര്‍ കൂട്ടായി വെള്ളൂര്‍ ആലിന്‍കീഴിന് സമീപം 'അണിയറ' എന്ന പേരില്‍ തെയ്യത്തിനാവശ്യമായ ആടയാഭരണങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്നതില്‍ വ്യാപൃതരാണിപ്പോള്‍. ഇsവേളകളില്‍ മററുതൊഴിലുകളില്‍ ഏര്‍പ്പെടാനാവാതെ വറുതിയില്‍ അലയുന്നവേളയില്‍ ഒരു വരുമാനമാര്‍ഗം എന്നതിനോടൊപ്പം തെയ്യം എന്ന കലയുടെ സൗന്ദര്യവും ചൈതന്യവും അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കുന്നതിനുള്ള സഹായംകൂടിയാവുന്നു ഇവരുടെ പ്രവര്‍ത്തനം.

More Citizen News - Kasargod