ബൈന്ദൂര്‍ പാസഞ്ചറിന്റെ സമയക്രമം മാറ്റാന്‍ റെയില്‍മന്ത്രാലയത്തോട് ആവശ്യപ്പെട്ടു - എം.പി.

Posted on: 20 Aug 2015കാസര്‍കോട്: ബൈന്ദൂര്‍-കണ്ണൂര്‍ പാസഞ്ചറിന്റെ സമയക്രമം മാറ്റണമെന്ന് റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി പി.കരുണാകരന്‍ എം.പി. പറഞ്ഞു. ഇതോടൊപ്പം പാസഞ്ചര്‍ ഗുരുവായൂരിലേക്ക് നീട്ടണമെന്നതും പരിഗണിക്കാന്‍ നിവേദനം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആകാശവാണി കണ്ണൂര്‍ നിലയം കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജനകീയം ജനസമക്ഷം പരിപാടിയില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബൈന്ദൂര്‍ പാസഞ്ചര്‍ നഷ്ടത്തിലാണോടുന്നതെന്നും നിര്‍ത്തലാക്കാന്‍ നീക്കമുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
കാസര്‍കോട്ട് ആകാശവാണി എഫ്.എം. നിലയം ആരംഭിക്കുന്ന വിഷയം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് എം.പി പറഞ്ഞു. കണ്ണൂര്‍ എഫ്.എം. നിലയത്തിന്റെ പ്രസരണശേഷി ആറ് കെ.വി.യില്‍ നിന്നും 10 കെ.വിയായി വര്‍ധിപ്പിക്കുമെന്നും കാസര്‍കോട് ജില്ലയില്‍ എഫ്.എം. നിലയം സ്വകാര്യമേഖലയില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
പാസ്‌പോര്‍ട്ട് സേവാകേന്ദ്രം, കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളേജ്, റെയില്‍വേ സൗകര്യങ്ങള്‍, ദേശീയപാതാ വികസനം, കുടിവെള്ള പ്രശ്‌നം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേന്ദ്രസഹായം എന്നിങ്ങനെ ജില്ലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ പി. കരുണാകരന്‍ എം.പിക്ക് മുന്നില്‍ ജനങ്ങള്‍ അവതരിപ്പിച്ചു. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി കണ്ണൂര്‍ നിലയം പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന്‍ പരിപാടി വിശദീകരിച്ചു.

More Citizen News - Kasargod