ഇടുമ്പയിലെ യാത്രാദുരിതത്തിന് പരിഹാരമാവുന്നു

Posted on: 20 Aug 2015സുപ്രിം കോടതി വിധി;


മാലൂര്‍:
മാലൂരിലെ തൃക്കടാരിപ്പൊയിലില്‍നിന്ന് ഇടുമ്പവഴിയുള്ള കണ്ണവം റോഡിന്റെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കി റീ ടെന്‍ഡര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രിം കോടതി ശരിവെച്ചതോടെ ഈ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാവുന്നു. വിധിയനുസരിച്ച് വീണ്ടും റോഡുനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
ആറുവര്‍ഷമായി മാലൂര്‍, ചിറ്റാരിപ്പറമ്പ്, പഞ്ചായത്തിലുള്ളവര്‍ കടുത്ത യാത്രാദുരിതത്തിലായിരുന്നു.
റോഡുപണി പൂര്‍ത്തീകരിക്കാത്ത കരാറുകാരനെ ഒഴിവാക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനമാണ് സുപ്രീം കോടതി ശരിവെച്ചത്.
റോഡിന് 2009 ജൂലായ് 14-നാണ് സ്റ്റിമുലസ് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.40 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചത്. 2010 ഡിസംബര്‍ 18-ന് കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തു. 2011 ഡിസംബര്‍ 26-ന് പണി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. കരാറുകാരന്റെ അഭ്യര്‍ഥനയനുസരിച്ച് നിരവധിതവണ കാലാവധി നീട്ടിനല്കിയെങ്കിലും 50 ശതമാനം പണി പൂര്‍ത്തീകരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യാന്‍ കരാറുകാരന്‍ അപേക്ഷ നല്കി. അത് സര്‍ക്കാര്‍ നിരസിച്ചതോടെ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ആവശ്യം പരിശോധിക്കാന്‍ കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു. ഇതിനിടെ അശ്രദ്ധയോടെ പണിനടത്തി യാത്രാദുരിതമുണ്ടാക്കുന്ന കരാറുകാരനെ ഒഴിവാക്കി പ്രവൃത്തി റീ ടെന്‍ഡര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സ്ഥലം എം.എല്‍.എ. ഇ.പി.ജയരാജന്റെ നിവേദനം പരിഗണിച്ച് സര്‍ക്കാര്‍ കരാറുകാരനെ ഒഴിവാക്കി പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കരാറുകാരന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. കോടതി ഒരു റിട്ട. എന്‍ജിനീയറെ കമ്മീഷനായി നിയമിക്കുകയും 70 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചെന്നും 90 ശതമാനത്തോളം പ്രവൃത്തി നടന്നെന്നുമുള്ള കരാറുകാരന്റെ നിഗമനം കമ്മീഷന്‍ റിപ്പോര്‍ട്ടായി കോടതിയില്‍ നല്കി. തുടര്‍ന്ന് കരാറുകാരനെ ഒഴിവാക്കിയ നടപടി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കമ്മീഷനെ നിയോഗിച്ചതിലുള്ള ചെലവായി 40,000 രൂപയും എന്‍ജിനീയര്‍ക്കുള്ള ചെലവായി 5,000 രൂപയും സര്‍ക്കാര്‍ നല്കണമെന്നും ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ചെയ്തു. വിശദവാദം കേട്ടശേഷമാണ് കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തില്‍ കരാര്‍ റദ്ദുചെയ്ത് പുനര്‍ദര്‍ഘാസ് നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച് വിധി പുറപ്പെടുവിച്ചത്.

More Citizen News - Kasargod