കൗതുകങ്ങളുടെ കൃഷിപാഠം അറിഞ്ഞ് ബാനത്തെ കുട്ടികള്‍

Posted on: 20 Aug 2015വെള്ളരിക്കുണ്ട്: നിലം ഉഴുതുമറിക്കാന്‍ കലപ്പ, ജലസേചനത്തിന് തേക്കുകൊട്ട, നെല്ലു സൂക്ഷിക്കുന്ന പത്തായം, നെല്ലുകുത്താന്‍ ഉരല്‍, നെല്ലളക്കാന്‍ നാഴിയും ഇടങ്ങഴിയും, നിലംതല്ലി, കോരുപലക, ഉലക്ക,... ബാനം ഗവ. സ്‌കൂളിലെ കുട്ടികള്‍ക്ക് കൃഷി അനുഭവ പാഠമാവുകയായിരുന്നു. ആദ്യകാല കര്‍ഷകുടുംബമായ പരേതനായ കോക്കുന്നില്‍ മുല്ലച്ചേരി നാരായണന്‍ നായരുടെ വീട്ടിലായിരുന്നു നാലാംതരം കുട്ടികള്‍ കൃഷിയറിവ് നേടാനെത്തിയത്.
നാലാംതരത്തിലെ പത്തായം എന്ന പാഠം പഠിപ്പിക്കുന്നതിനായാണ് അധ്യാപകനായ കമലാക്ഷന്‍ കുട്ടികളെ കൂട്ടി കര്‍ഷക കുടുംബത്തിലെത്തിയത്. നാരായണന്‍ നായരുടെ ഭാര്യ കമ്മാടത്തുവമ്മയും മകന്‍ ജയകൃഷ്ണനും പൂര്‍വകാല കൃഷിയനുഭവങ്ങള്‍ പങ്കുവെച്ചു. കാര്‍ഷിക ഉപകരണങ്ങള്‍ പരിചയപ്പെടുത്തി. നാട്ടിപ്പാട്ടും കൊയ്തുപാട്ടും മെതിപ്പാട്ടുമെല്ലാം കേള്‍പ്പിച്ചു. പുനംകൃഷിയും മറ്റു കൃഷികളും ചര്‍ച്ചയില്‍ കടന്നുവന്നു. കൗതുകമുണര്‍ത്തിയ ചോദ്യങ്ങളുമായി കുട്ടികളും തക്ക മറുപടിയുമായി കുടുംബാംഗങ്ങളും പത്തായം പാഠം മറക്കാനാകാത്തതാക്കി മാറ്റി.

More Citizen News - Kasargod