സര്‍ക്കാര്‍ തുക ലഭിച്ചില്ല; ജില്ലാ ആസ്​പത്രിയിലെ 'ഭക്ഷണം' പ്രതിസന്ധിയില്‍

Posted on: 20 Aug 2015കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളുടെ ഭക്ഷണം പ്രതിസന്ധിയില്‍. ആസ്​പത്രിയിലേക്കുള്ള സര്‍ക്കാര്‍ ഫണ്ട് ലഭിക്കാത്തതില്‍ ബി.പി.എല്‍. രോഗികള്‍ക്കുള്ള ആഹാരം പ്രതിസന്ധിയിലായി. 13.5 ലക്ഷം രൂപ കുടിശ്ശിക ആയതിനാല്‍ ഭക്ഷണം വിതരണം ചെയ്യുന്നവര്‍ തടസ്സം ഉന്നയിച്ചു. ഒടുവില്‍ ആഹാരം മുടങ്ങാതിരിക്കാന്‍ 13.5 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ആസ്​പത്രിക്ക് നല്‍കി.
ആയിരക്കണക്കിന് രോഗികളാണ് കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയില്‍ എത്തുന്നത്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടുനേരം കഞ്ഞി, കറി, പാല്‍, ബ്രഡ് എന്നിവ നല്‍കും. ഇതിനുള്ള ഫണ്ട് സര്‍ക്കാറില്‍നിന്നാണ് ലഭിക്കുന്നത്. ശരാശരി ഒരു വര്‍ഷം 12 ലക്ഷം രൂപയോളം ആഹാര ഇനത്തില്‍ ആസ്​പത്രിക്ക് വേണം. എന്നാല്‍, ലഭിക്കുന്നത് അഞ്ച് ലക്ഷം മാത്രമാണ്. കഴിഞ്ഞവര്‍ഷം അഞ്ച് ലക്ഷം രൂപ ലഭിച്ചതായി ആസ്​പത്രി സൂപ്രണ്ട് ഡോ. സുനിത പറഞ്ഞു. എന്നാല്‍, ഈ വര്‍ഷം ഫണ്ട് ലഭിച്ചില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ആസ്​പത്രിയിലേക്കുള്ള പാല്‍ വിതരണം ചെയ്യുന്നത് മില്‍മയാണ്. അരി, പയര്‍, കടല എന്നിവ സപ്ലൈക്കോയില്‍നിന്ന് വാങ്ങും. ബ്രഡ് മോഡേണ്‍ ബ്രഡില്‍നിന്നും എത്തും. കഴിഞ്ഞവര്‍ഷത്തെ തുകയായ 13.5 ലക്ഷം രൂപ ലഭിക്കാത്തതിനാല്‍ കമ്പനികള്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ആഹാരം മുടങ്ങുമെന്നായപ്പോള്‍ ജില്ലാ പഞ്ചായത്ത് ഇടപെടുകയായിരുന്നു.
ഭരണസമിതി തീരുമാനപ്രകാരം നിലവില്‍ കുടിശ്ശികയുള്ള തുക ആസ്​പത്രിക്ക് നല്‍കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തിരിച്ചുനല്‍കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് തുക നല്‍കിയത്.

More Citizen News - Kasargod