ദേശീയ പോഷകാഹാര വാരം സപ്തംബര്‍ ഒന്നു മുതല്‍

Posted on: 20 Aug 2015കാസര്‍കോട്: കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ ഒന്നു മുതല്‍ ഏഴുവരെ രാജ്യത്തുടനീളം പോഷകാഹാര വാരം ആചരിക്കും. പോഷകാഹാരക്കുറവ് കുട്ടികളില്‍ നിരവധി രോഗങ്ങളുണ്ടാക്കുകയും അവരുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ബുദ്ധിവികാസത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നത് രാജ്യത്തിനാകെ വലിയ നഷ്ടമാണുണ്ടാക്കുന്നതെന്നും ചെറിയ പ്രയത്തിലേ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നില്ലെങ്കില്‍ രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തുമെന്നും മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സപ്തംബര്‍ ഒന്നു മുതല്‍ ഏഴുവരെ എല്ലാ സംസ്ഥാനത്തും ഗ്രാമതലം മുതല്‍ സംസ്ഥാനതലം വരെ പോഷകാഹാരം സംബന്ധിച്ച് ശില്പശാലകളും പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്താനാണ് നിര്‍ദേശം. ഐ.സി.ഡി.എസ്. നേതൃത്വം നല്‍കുന്ന ഈ പരിപാടികള്‍ക്ക് ഹോംസയന്‍സ് കോളേജുകളുടെയും കോളേജുകളിലെ ഹോംസയന്‍സ് വകുപ്പുകളുടെയും വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തണം.
സപ്തംബര്‍ ഒന്നിന് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, വിദ്യാലയ പ്രിന്‍സിപ്പല്‍മാര്‍, പ്രഥമാധ്യാപകര്‍ എന്നിവരെ പങ്കെടുപ്പിച്ചുള്ള ശില്പശാലയാണ് നടത്തേണ്ടത്. രണ്ടിന് സ്‌കൂള്‍ അധ്യാപകര്‍, നഴ്‌സുമാര്‍, ഗ്രാമീണതലത്തില്‍ പ്രവര്‍ത്തിക്കുന്ന മഹിളാസമാജങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായുള്ള ബോധവത്കരണ ക്ലാസ്.
സപ്തംബര്‍ മൂന്ന് പൂര്‍ണമായും പോഷകാഹാര പ്രചാരണദിനമായി ദേശീയതലത്തില്‍ ആചരിക്കും. ശിശുക്കള്‍ മുതല്‍ കൗമാരപ്രായക്കാര്‍ വരെയുള്ളവരുടെ തൂക്കം പരിശോധിച്ച് തൂക്കക്കുറവുള്ളവരെ ലിസ്റ്റ് ചെയ്യുകയും പരിഹാര നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യുന്നതിന് ഈ ദിനം പ്രയോജനപ്പെടുത്തണം. നാലാം ദിവസം പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങളാണ്. ജില്ലാതല ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രത്യേക പരിപാടികളും ഇതോടൊപ്പം നടത്തണം.
അഞ്ചിന് പോഷകാഹാര ബോധവത്കരണത്തിനായി സിനിമാ-സ്ലൈഡ് പ്രദര്‍ശനം, ഗ്രാമതലത്തില്‍ ഐ.സി.ഡി.എസ്. നേതൃത്വത്തില്‍ പോഷകാഹാര പ്രചാരണ റാലി നടത്തണമെന്നാണ് നിര്‍ദേശം. ആറാം തീയതി അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പോഷകാഹാര ബോധവത്കരണത്തിനായി പാവനാടകം, നാടകം, വിവിധ മത്സരങ്ങള്‍ എന്നിവ നടത്തണമെന്നാണ് കത്തിലെ നിര്‍ദേശം. വാരാചരണത്തിന്റെ ഭാഗമായി കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി അയക്കലാണ് പ്രധാനമായും ഏഴാംദിനത്തിലെ പരിപാടിയായി നിര്‍ദേശിച്ചിട്ടുള്ളത്.

More Citizen News - Kasargod