ഓണത്താറെത്തി, പൊന്നോണക്കണിയായി അത്തമെത്തി, ചിത്രയായി ഇനി

Posted on: 20 Aug 2015പരിയാരം: തിരുവോണത്തിന് ഏഴുനാള്‍മാത്രം. കുട്ടികള്‍ ആഘോഷത്തിമിര്‍പ്പിലാണ്. അവരുടെ ആഗ്രഹങ്ങള്‍ക്കും പിടിവാശികള്‍ക്കും നിറംവെക്കുന്ന കാലംകൂടിയാണ് ഓണം. ഇത് ഓണത്തിന്റെ സുകൃതം. മഹാബലി തമ്പുരാന്റെ നല്ലകാലം അനുഭവിക്കാന്‍ മലയാളികളുടെ തീരാത്തകൊതി. ഇഷ്ടവസ്ത്രം, ഇഷ്ടയാത്ര, ഇഷ്ടഭക്ഷണം, ഇഷ്ടവാക്കുകള്‍, ഇഷ്ടവിനോദങ്ങള്‍-ഓണം സമൃദ്ധിയുടെ നാളുകളാവുന്നു. ഈ പൊന്നോണത്തെ പൊലിച്ചുപാടാന്‍ 'ഓണത്താറുകള്‍' മുറ്റത്തെത്തിത്തുടങ്ങി.
ഉത്രാടം, തിരുവോണം നാളുകളില്‍ കോലത്തുനാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ കൊട്ടിപ്പാടി സഞ്ചരിക്കാന്‍ ചിലയിടങ്ങളിലെങ്കിലും ഓണത്താറുകള്‍ തയ്യാറാവുകയാണ്.
നാട്ടിലെ മാരിയും ചൂരിയും അകറ്റി സമ്പത്തും സമൃദ്ധിയും ക്ഷേമ, ഐശ്വര്യാദികളും പ്രദാനംചെയ്യാന്‍ എത്തുന്ന 'നാട്ടുദൈവ'മാണ് ഓണത്താര്‍. മാവേലി സങ്കലത്തിലാണ് ഓണത്താര്‍, ഓണത്തപ്പന്‍ എന്നിങ്ങനെ അറിയപ്പെടുന്ന കുട്ടിദൈവം എത്തുക. ഭംഗിയുള്ള ചമയങ്ങള്‍ ധരിച്ച് നാട്ടിലുള്ള വിശേഷങ്ങള്‍ കണ്ട്, പ്രജകളുടെ സത്കാരം സ്വീകരിക്കാന്‍ ആണ്ടുതോറും മഹാബലി എഴുന്നള്ളുന്നുവെന്ന പുരാവൃത്തമാണ് ഓണത്താറിന്റെ പിറവിക്ക് പിന്നില്‍.
വണ്ണാന്‍ സമുദായത്തില്‍പ്പെട്ട ചെറിയ കുട്ടിയാണ് ഓണത്താര്‍ കെട്ടുന്നത്. ചെണ്ടക്കാരും പാട്ടുകാരും കൂടെയുണ്ടാകും. ഓണത്താറിന്റെ ഒരു കൈയില്‍ മുളകൊണ്ടുള്ള ചെറിയ അമ്പും വില്ലും ഉണ്ടാകും. ഒരു കൈകൊണ്ട് മണികൊട്ടി വീടുകളിലെ തിരുമുറ്റത്ത് ഓണത്താര്‍ ആടും.
'ഓണം ജഗത്തിങ്കല്‍ ചിങ്ങമാസം
വേണമലങ്കാരം മനുഷ്യര്‍ക്ക്
ഒച്ചകൊള്ളും മണികൊട്ടി നന്നായ്
ചേര്‍ച്ചയോടൊത്ത് വലതുൈകയില്‍
ഓലക്കുടയുംപിടിച്ച് മോദാല്‍
ഓംകാരമായ മുടി തലയില്‍'
ഓണത്താറ് വരികയാണ് കലുഷിതമായ നാടിന്റെ ശനിദോഷം അകറ്റാന്‍ എന്ന് വിശ്വാസം. പക്ഷേ, നമ്മുടെ ഗ്രാമീണ ഗൃഹങ്ങളില്‍ ഓണത്താറുകള്‍ എത്തുന്നതിപ്പോള്‍ വിരളം. ചില ഗ്രാമങ്ങളില്‍മാത്രം അത് ഒതുങ്ങുന്നു.

More Citizen News - Kasargod