കതിരുവെക്കുംതറയില്‍ ബസ് കാത്തിരിപ്പുകേന്ദ്രമില്ല; യാത്രക്കാര്‍ക്ക് ആശ്രയം കടവരാന്ത

Posted on: 20 Aug 2015ചെറുകുന്ന്: ചെറുകുന്ന്-കണ്ണപുരം ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയഭാഗമായ കതിരുവെക്കുംതറയില്‍ ബസിന് കാത്തിരിക്കാന്‍ യാത്രക്കാര്‍ക്ക് ആശ്രയം കടവരാന്ത. പുറമെനിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് എവിടെയാണ് ബസ്സ്‌റ്റോപ്പ് എന്ന് മനസ്സിലാവില്ല. യാത്രക്കാരെല്ലാം കടവരാന്തകളില്‍ കയറിനിന്നാണ് ബസിന് കാത്തിരിക്കുന്നത്. മഴയും വെയിലും കൊണ്ട് റോഡുവക്കില്‍ കാത്തിരിക്കുകയേ യാത്രക്കാര്‍ക്ക് വഴിയുള്ളൂ. കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി വീതികൂട്ടല്‍ ആരംഭിച്ചതോടെയാണ് യാത്രക്കാര്‍ ഏറെ ദുരിതത്തിലായത്.
യാത്രക്കാര്‍ മിക്കസമയത്തും കടവരാന്തകളില്‍ കയറിയാണ് ബസ്സിന് കാത്തിരിക്കുന്നന്. ഇത് കടയുടമകള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നു. പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ്സ്‌റ്റോപ്പിലാണ് ഏറെ ദുരിതം. കണ്ണൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബസ്സ്‌റ്റോപ്പിന് സമീപത്തെ കോംപ്ലക്‌സിലാണ് കയറിനില്ക്കുന്നത്.
ഇത്രയുംകാലമായിട്ട് ഇരുഭാഗങ്ങളിലും ബസ് ഷെല്‍ട്ടര്‍ പണിയാന്‍ രണ്ട് പഞ്ചായത്ത് അധികാരികള്‍ക്കും സാധിച്ചിട്ടില്ല. റോഡുപണി തുടങ്ങുന്നതിനുമുമ്പ് ബസ് കാത്തിരിപ്പുകേന്ദ്രം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഴയങ്ങാടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രവും കണ്ണൂര്‍ ഭാഗത്തേക്കുള്ള കാത്തിരിപ്പുകേന്ദ്രവും പണിയാനുള്ള സ്ഥലം നിലവിലുള്ള ബസ്സ്‌റ്റോപ്പില്‍നിന്ന് കുറച്ചകലെയാണ് കണ്ടെത്തിയത്. റോഡ് വികസനത്തിനുമുമ്പുതന്നെ ബസ് കാത്തിരിപ്പുകേന്ദ്രം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Kasargod