മാക്കില്‍ വീട്ടില്‍ ആര്‍ട്ട് ഗാലറി ഒരുക്കി ജെന്നി ജോസഫ്‌

Posted on: 20 Aug 2015കാഞ്ഞങ്ങാട്: നേപ്പാളിലെ പുരാതനമായ കൃഷ്ണചക്രം. ചൈനയില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉപയോഗിച്ച വാദ്യോപകരണം. ഇറ്റലിയിലെയും ഫ്രാന്‍സിലെയും പരമ്പരാഗത കരകൗശല ഉത്പനങ്ങള്‍. ഹോളണ്ടിലെ കാല്‍ലക്ഷത്തിന്റെ ജപമാല. ഇതെല്ലാം കാണണമെങ്കില്‍ പടന്നക്കാട് തോട്ടത്തിനടുത്തെ ജെന്നി ജോസഫിന്റെ 'മാക്കില്‍' വസതിയിലെത്തിയാല്‍ മതി . ടൂറിസം വകുപ്പുകാരുമായി ആലോചിച്ച് വിദേശസഞ്ചാരികള്‍ക്കും ഇവിടത്തുകാര്‍ക്കുമൊക്കെയായി ആര്‍ട്ട് ഗാലറി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ജെന്നി ജോസഫ്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ജെന്നിഫര്‍ വേര്‍സിന്റെ ഉടമയാണ് ജെന്നി ജോസഫ്. ആര്‍ട്ട് ഗാലറിയിലെ ശേഖരത്തിന് കൂട്ടായി ഭാര്യ ലിസാ സെല്‍വി ജോസഫുമുണ്ട്. പ്രകൃതിഭംഗിയാല്‍ സ്ഥാപനങ്ങളെയും റിസോര്‍ട്ടുകളെയുമെല്ലാം ആകര്‍ഷണീയമാക്കുന്ന ആര്‍ക്കിടെക്ട് കൂടിയാണ് ജെന്നി ജോസഫ്.
ശ്രീബുദ്ധന്റെ പ്രബോധനങ്ങളെ നെഞ്ചോടുചേര്‍ത്തുള്ള ജീവിതമാണ് ജെന്നി ജോസഫിന്റേത്. അതുകൊണ്ടുതന്നെ ബുദ്ധമത വിശ്വാസികള്‍ ഉപയോഗിക്കുന്ന പലതരം വസ്തുക്കള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ബുദ്ധന്‍ ധ്യാനാത്മതയില്‍ മുഴുകുമ്പോള്‍ ഉപയോഗിച്ചിരുന്നതുപോലുള്ള ജപപാത്രമാണ് ആര്‍ട്ട് ഗാലറിയിലെ ആകര്‍ഷണം. നേപ്പാളിലെ ഒട്ടേറെ ശേഖരങ്ങളുണ്ടിവിടെ. വിദേശ ഇനങ്ങള്‍ക്കൊപ്പം കേരളത്തനിമ വിളിച്ചോതുന്നവയും ശേഖരത്തിലുണ്ട്. കഥാപ്രസംഗത്തിന് ഉപയോഗിച്ചിരുന്ന ചപ്ലാങ്കട്ടകള്‍ മുതല്‍ അത്യാധുനിക രീതിയിലുള്ള സംഗീതോപകരണങ്ങള്‍ വരെ ഗാലറിയിലൊരുക്കിയിട്ടുണ്ട്.
ആര്‍ട്ട് ഗാലറി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമ്പോള്‍ തന്നെ കാരുണ്യപ്രവര്‍ത്തനത്തിനുള്ള മറ്റൊരു പദ്ധതികൂടി ആവിഷ്‌കരിക്കണമെന്ന ആലോചനയും തനിക്കുണ്ടെന്ന് ജെന്നി ജോസഫ് പറഞ്ഞു. വ്യത്യസ്തങ്ങളായ ജപമാലകളാണ് മറ്റൊരു ആകര്‍ഷണീയത. വിസ്മയം ജനിപ്പിക്കുന്ന ഈ ശേഖരം ജെന്നി ജോസഫിനെ എത്തിച്ചത് ലിംകാ ബുക്കിലേക്കാണ്. കഴിഞ്ഞമാസമാണ് ഇദ്ദേഹം ലിംകാബുക്കില്‍ സ്ഥാനം നേടിയത്. അമേരിക്ക, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ഇറ്റലി, അഫ്ഘാനിസ്ഥാന്‍, മലേഷ്യ, അറബ് രാഷ്ട്രങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിലെത്തിയാണ് ഇവ ശേഖരിച്ചത്. ആയിരത്തിലേറെ വ്യത്യസ്തമായ ജപമാലകളാണ് ശേഖരത്തിലുള്ളത്.

More Citizen News - Kasargod