വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിഷേധത്തിനെതിരെ പുതിയ സമരരീതിയുമായി എസ്.എഫ്.ഐ.

Posted on: 19 Aug 2015കാഞ്ഞങ്ങാട്: വിദ്യാര്‍ഥികളുടെ യാത്രാസൗജന്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മകമായി സ്വന്തം ബസ്സിറക്കി എസ്.എഫ്‌.െഎ.യുടെ സമരം. എസ്.എഫ്.ഐ. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയാണ് രാവണീശ്വരം സ്‌കൂളില്‍നിന്ന് പ്രത്യേകവാഹനം ഏര്‍പ്പെടുത്തി അധികൃതരുടെ സൗജന്യയാത്രാ നിഷേധത്തിനെതിരെ പ്രതികരിച്ചത്. രാവണീശ്വരത്തുനിന്ന് പുറപ്പെട്ട വാഹനം സ്‌കൂള്‍ സ്റ്റോപ്പുകളില്‍ നിന്നും വിദ്യാര്‍ഥികളെ കയറ്റി നഗരത്തിലെത്തിച്ചു.
വിദ്യാര്‍ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെയും ബസ്സിന് മുന്നിലെ ക്യൂവിനെതിരെയും ബസ്സിനകത്തെ പീഡനത്തിനെതിരെയുമായിരുന്നു എസ്.എഫ്.ഐ.യുടെ പ്രതിഷേധം. കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം കെ.സബീഷ് വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. എ.വി.അജേഷ് അധ്യക്ഷത വഹിച്ചു. കെ.മഹേഷ്, വൈശാഖ്, ശോഭനന്‍, യദുകൃഷ്ണന്‍, ജയനാരായണന്‍, ഹര്‍ഷ, കെ.വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod