ഓര്‍മകള്‍ ഉണര്‍ത്തി വിദ്യാര്‍ഥികളുടെ കാര്‍ഷിക പ്രദര്‍ശനം

Posted on: 19 Aug 2015കാലിച്ചാനടുക്കം: പഴയകാല കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മപുതുക്കി കാര്‍ഷികോപകരണങ്ങളും ഗൃഹോപകരണങ്ങളും ഇലക്കറികളുമായി ചിങ്ങം ഒന്നിന് വിദ്യാര്‍ഥികള്‍ പ്രദര്‍ശനം ഒരുക്കി. കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് കാര്‍ഷിക പ്രദര്‍ശനമൊരുക്കിയത്. പറ, നാഴി, ഇടങ്ങഴി, പറക്കോല്‍, മുറം, തടുപ്പ, നീലംതല്ലി, മണ്‍ചെരാത്, കുത്തുവിളക്ക്, ഉലക്ക, ഓലരാമായണം, നാരായം, പച്ചകുര്യ, തൊടങ്ക്, മെതിയടി ഇങ്ങനെ പോകുന്നു പ്രദര്‍ശനത്തില്‍ ഒരുക്കിയവയുടെ നിര.
കുട്ടികള്‍തന്നെ പ്രദേശത്തെ വീടുകള്‍തോറും കയറിയിറങ്ങിയാണ് പ്രദര്‍ശനവസ്തുക്കള്‍ ശേഖരിച്ചത്. ഇലക്കറിമേളയില്‍ കാന്തരിയില, താളില, തവരയില ഇവകൊണ്ടുള്ള തോരന്‍, മുത്തിള്‍ ചമ്മന്തി തുടങ്ങിയ മുപ്പതോളം വിഭവങ്ങളുമൊരുക്കി. കല്ലരയാല്‍, പ്ലാവില, മഞ്ഞളില ഉപയോഗിച്ചുള്ള അടകളും പ്രദര്‍ശനത്തിന്റെ രുചികട്ടി.
പ്രദര്‍ശനം പി.ടി.എ. പ്രസിഡന്റ് മധു ഉദ്ഘാടനം ചെയ്തു. ജൈവകര്‍ഷകന്‍ കുഞ്ഞമ്പു നായര്‍ കുട്ടികളുമായി കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. പ്രഥമാധ്യാപകന്‍ എം.ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പി.എം.മധു, എം.പ്രസീജ, പി.സരോജിനി, വി.കെ.ഭാസ്‌കരന്‍, സി.വി.ബാലകൃഷ്ണന്‍, എം.ശശിലേഖ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod