സംരക്ഷണത്തിനായി നാട്ടുകാരുടെ കൂട്ടായ്മ നാളെ

Posted on: 19 Aug 2015രാഹുലും രാഹിതയും അനാഥരാകില്ല

ചെറുവത്തൂര്‍:
അച്ഛനുമമ്മയും മരിച്ച് തീര്‍ത്തും അനാഥരായ ചെറുവത്തൂര്‍ കുളത്തിന് സമീപത്തെ രാഹുല്‍ (11), രാഹിത (9) സഹോദരങ്ങളുടെ ഭാവി ശോഭനമാക്കാന്‍ നാട്ടുകാര്‍ കൈകോര്‍ക്കുന്നു.
അച്ഛന്‍ മണി ഒന്നരവര്‍ഷം മുമ്പ് തൊഴിലിടത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദ്രോഗബാധയെത്തുടര്‍ന്ന് അമ്മ ഷീബയും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. രോഗബാധിതയായി കഴിയുന്ന അമ്മൂമ്മ നാരായണിക്കരികിലാണ് കുട്ടികളിരുവരും. ഇവരുടെ ദയനീയത ചൊവ്വാഴ്ച മാതൃഭൂമി വാര്‍ത്തയാക്കിയിരുന്നു.
കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചിലും നാലിലുമാണ് ഇവര്‍ പഠിക്കുന്നത്. കുട്ടികളുടെ സംരക്ഷണം അമ്മൂമ്മയ്ക്ക് സാധിക്കതെവന്ന സാഹചര്യത്തില്‍ ഗ്രാമപ്പഞ്ചായത്തംഗം പി.പദ്മിനിയാണ് നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ക്കുന്നത്.
ആഗസ്ത് 20-ന് വൈകിട്ട് നാലിന് ചെറുവത്തൂര്‍ റെയില്‍വേ കുളത്തിന് സമീപത്തെ എം.പി.കുഞ്ഞിമാണിക്കത്തിന്റെ വീട്ടിലാണ് യോഗം. അച്ഛനമ്മമാര്‍ മരിക്കുന്നതുവരെ ചെറുവത്തൂര്‍ വില്ലേജ് ഓഫീസിനടുത്ത ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.

സഹോദരങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ സഹപാഠികള്‍ കൈകോര്‍ക്കും

ചെറുവത്തൂര്‍:
രാഹുലിനും രാഹിതയ്ക്കും കൈത്താങ്ങാകാന്‍ കുട്ടമത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും രംഗത്ത്. ഇനിയുള്ള ദിവസങ്ങളില്‍ അവരുടെ കൈകളിലെത്തുന്ന നാണയത്തുട്ടുകള്‍ അനാവശ്യമായി ചെലവഴിക്കില്ലെന്ന് കുട്ടികള്‍ തീരുമാനിച്ചു. കുട്ടികളുടെ കൈകളിലെത്തുന്ന നാണയത്തുട്ടുകള്‍ ശേഖരിച്ച് നന്മയുടെ വെളിച്ചം പകരും. തങ്ങളുടെ സഹപാഠികളുടെ ജീവിതം ഇരുളടയാതിരിക്കാന്‍ രക്ഷിതാക്കളില്‍നിന്ന് ധനശേഖരണം നടത്തി വിദ്യാലയത്തിലെത്തിക്കാനും തീരുമാനിച്ചു.

More Citizen News - Kasargod