നെല്ലിക്കുന്ന് എല്‍.പി. സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

Posted on: 19 Aug 2015
കാസര്‍കോട്: നെല്ലിക്കുന്ന് ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍കെട്ടിടം അപകടാവസ്ഥയില്‍. കെട്ടിടത്തിന്റെ എല്ലാ തൂണുകളുടെയും അടിവശം ഒരുമീറ്റര്‍ ഉയരത്തില്‍ വിണ്ടുകീറിയിട്ടുണ്ട്. കോണ്‍ക്രീറ്റ് മേല്‍ക്കൂര ചോര്‍ന്നൊലിക്കുകയും ചെയ്യുന്നു. കെട്ടിടത്തിന്റെ പിറകുവശത്തെ ചുമരിലും വിള്ളലുകളുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് പണിത കെട്ടിടത്തിന്റെ നിര്‍മാണത്തിലെ അപാകമാണ് കെട്ടിടം അപകടാവസ്ഥയിലായതിന് കാരണമെന്ന് സ്‌കൂള്‍അധികൃതര്‍ പറഞ്ഞു.

ഒന്നുമുതല്‍ നാലുവരെയായി 16 കുട്ടികളും പ്രഥമാധ്യാപികയടക്കം മൂന്നു അധ്യാപകരുമാണ് സ്‌കൂളിലുള്ളത്. അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന വിദ്യാലയത്തില്‍ കഴിഞ്ഞവര്‍ഷം ആറ് കുട്ടികളാണുണ്ടായിരുന്നത്. ഈ വര്‍ഷമാണ് കുട്ടികളുടെ എണ്ണം കൂടി 16 ആയത്. പഴയ കെട്ടിടമായതിനാല്‍ത്തന്നെ സ്‌കൂളിനെ ശിശുസൗഹൃദമാക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പ്രഥമാധ്യാപിക കെ.ജയശ്രീ പറഞ്ഞു. വിദ്യാലയത്തില്‍ കുട്ടികള്‍ കുറയാനുള്ള കാരണങ്ങളിലൊന്ന് കെട്ടിടത്തിന്റെ അപകടാവസ്ഥയാണ്. നഗരസഭാപരിധിയിലെ അപൂര്‍വം കന്നട മാധ്യമ വിദ്യാലയങ്ങളിലൊന്നാണിത്. നഗരത്തിലെ കോളനികളില്‍നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.

അപകടാവസ്ഥയിലാണെങ്കിലും നഗരസഭാ എന്‍ജിനീയര്‍ നല്കിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌കൂളിനുണ്ട്. കനത്തമഴയിലും കാറ്റിലും ഭയത്തോടെയാണ് സ്‌കൂളില്‍ നില്‍ക്കുന്നതെന്ന് അധ്യാപകന്‍ ഹര്‍ഷന്‍ പറഞ്ഞു. സ്‌കൂളിന്റെ അപകടാവസ്ഥ സംബന്ധിച്ച് എ.ഇ.ഒ., ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കിയതായും അദ്ദേഹം പറഞ്ഞു.

More Citizen News - Kasargod